നാശം വിതച്ച് കാറ്റും മഴയും
Monday 16 June 2025 12:36 AM IST
കോട്ടയം : കനത്ത മഴയിലും, കാറ്റിലും ജില്ലയിൽ വ്യാപാകനാശം. മാടപ്പള്ളി ഇറ്റലിമഠത്തിന് സമീപം ജോർജ് തോമസിന്റെ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. അതിരമ്പുഴ ജംഗ്ഷനിലുള്ള സെന്റ് മേരീസ് എൽ.പി സ്‌കൂളിന്റെ മതിൽ തകർന്നു വീണു. ആളപായമില്ല. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഡിവിഷൻ അഞ്ചിൽ താമസിക്കുന്ന മുനിയ സ്വാമി സ്കൂട്ടറിൽ പോകവേ റബർ മരം വീണ് മരിച്ചു. കോട്ടയം, ചങ്ങനാശേരി, വൈക്കം എന്നീ താലൂക്കുകളിൽ ശക്ത മഴയും കാറ്റും തുടരുകയാണ്. ചങ്ങനാശേരി താലൂക്കിൽ ഒരു ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. രണ്ട് കുടുംബങ്ങളിലായി എട്ട് പേരുണ്ട്.
ഖനനം നിരോധിച്ചു
വരും ദിവസങ്ങളിൽ അതിശക്ത മഴ മുന്നറിയിപ്പുള്ളതിനാൽ 17 വരെ ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.