വികസനമില്ലാതെ പെരുമ്പഴുതൂർ മേഖലകൾ

Monday 16 June 2025 1:36 AM IST

ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര നഗരസഭാ പരിധിയിലെ പല വാർഡുകളിലും വികസനം എത്തുന്നില്ലെന്ന് പരാതികൾ വ്യാപകം. മേൽവിളക്കം -കൂട്ടത്പള്ളിനട റോഡ്,രാമേശ്വരം തവരാവിള റോഡ്, പറയ്കോട്ടുകോണം -ഓമലയിൽ കട റോഡ്, ചായിക്കോട്ടുകോണം-തേവിയൽനട എന്നിവിടങ്ങൾ നവീകരിക്കുവാനോ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. കുളങ്ങൾ,നീർച്ചാലികൾ എന്നിവയും സംരക്ഷിക്കപ്പെടുന്നില്ല.

1988-99 കാലഘട്ടങ്ങളിൽ പെരുമ്പഴുതൂർ ഗ്രാമപഞ്ചായത്തിനെ നെയ്യാറ്റിൻകര നഗരസഭയുമായി കൂട്ടിച്ചേർത്തു. വികസനവും മുന്നേറ്റവും പ്രതീക്ഷിച്ചെങ്കിലും ഇന്നും വെട്ടവും വെളിച്ചവും ഇല്ലാത്ത നല്ല റോഡുകളില്ലാത്ത നഗരസഭ അധീനതയിലുള്ള പ്രദേശമാക്കി മാറ്റുകയാണ് ഈ പഞ്ചായത്ത്-നഗരസഭ ലയനത്തിലൂടെ ഉണ്ടായതെന്ന് പലരും അഭിപ്രായപ്പെടുന്നു. പഞ്ചായത്തിന്റെ പരിധിയിൽ റോഡ് നിർമ്മാണം,കലുങ്ക് നിർമ്മാണം,കുളങ്ങളുടെ നവീകരണം എന്നീ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ എത്തേണ്ടിയിരുന്ന ഗ്രാമപഞ്ചായത്ത് ഇപ്പോൾ നഗരസഭയുടെ ഔദാര്യം കാത്തിരിക്കുകയാണ്.

ഗ്രാമങ്ങളിൽ വികസനമില്ല

പെരുംപഴുതൂർ പഞ്ചായത്ത് നഗരസഭയോട് കൂട്ടിചേർത്തത് 2000ലാണ്. അന്ന് 13 വാർഡുകളാണ് പെരുമ്പഴുതൂർ പഞ്ചായത്തിന് കീഴിൽ ഉണ്ടായിരുന്നത്. നഗരസഭയുടെ 20 വാർഡുമായി കൂട്ടിച്ചേർത്തപ്പോൾ 33 വാർഡുകളായി നഗരസഭ വികസിക്കുകയും ചെയ്തു. അത് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടുകൂടി 44 വാർഡുകളായി നഗരസഭ വികസിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ വർക്കല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനവാസ മേഖല ഉൾക്കൊള്ളുന്ന ജില്ലയിലെ രണ്ടാമത്തെ നഗരസഭയാണ് നെയ്യാറ്റിൻകര. വ്യാവസായിക കാർഷിക മേഖലയിൽ രണ്ടാം സ്ഥാനമുണ്ടെങ്കിലും ഇന്നും ഗ്രാമാന്തരീക്ഷത്തെ നഗരവത്കരിക്കുവാനായിട്ടില്ല.

വെളിച്ചമില്ലാതെ

പെരുമ്പഴുതൂർ പഞ്ചായത്തിലെ വാർഡുകൾ ഇളവനിക്കര,മാമ്പഴക്ക,മുട്ടയ്ക്കാട്, പെരുംപഴുതൂർ,പുന്നയക്കാട്, തൊഴുക്കൽ,വടകോട്,ഓലത്താന്നി, കവളാകുളം,മണലൂർ,കുളത്താമൽ, മരുതത്തൂർ,ഇരുമ്പിൽ എന്നീ വാർഡുകളിൽ ഇപ്പോഴും നല്ല റോഡുകളോ വെളിച്ചമോ ലഭിച്ചിട്ടില്ല.