താജ് മഹലിന്റെ മാതൃകയില്‍ നാല് മുറികളുള്ള ഒരു വീട്; നിര്‍മിച്ചത് ഭാര്യക്ക് വേണ്ടി, തുടക്കം പാല്‍വിതരണത്തില്‍
ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി രാവും പകലും കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഒരു വീട് നിര്‍മിക്കുമ്പോള്‍ പരമാവധി അതിനെ മനോഹരമാക്കാന്‍ വേണ്ടിയുള്ള ശ്രമമായിരിക്കും ഓരോരുത്തര്‍ക്കും. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ് ഒരു വീടിന്റെ വിശേഷങ്ങള്‍. മദ്ധ്യപ്രദേശിലെ ഒരു ബിസിനസുകാരന്‍ വീട് പണികഴിപ്പിച്ചിരിക്കുന്നത് ചരിത്ര നിര്‍മിതിയും ലോകാത്ഭുതങ്ങളില്‍ ഒന്നുമായ താജ് മഹലിന്റെ മാതൃകയിലാണ്.
നാല് മുറികള്‍ ഉള്‍പ്പെടുത്തിയാണ് വീടിന്റെ നിര്‍മാണം. യഥാര്‍ത്ഥ താജ് മഹലിന്റെ വലുപ്പത്തിന്റെ മൂന്നിലൊന്നാണ് വീടിന്റെ വിസ്തീര്‍ണം. ഒറ്റ നോട്ടത്തില്‍ താജ്മഹലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് നിര്‍മാണം. വീടിന്റെ ചുവരിന്‍ രണ്ട് ലെയറാണ് നല്‍കിയിരിക്കുന്നതെന്ന് ഉടമ പറയുന്നത്. ഒരോ ലെയറിനും ഇടയിലായി എയര്‍ ടൈറ്റ് ചെയ്തിരിക്കുന്നതിനാല്‍ ഏത് കാലാവസ്ഥയിലും വീടിനുള്ളില്‍ താപനില ഒരേ അളവിലായിരിക്കും. തന്റെ ഭാര്യക്ക് വേണ്ടിയാണ് ഈ നിര്‍മിതിയെന്നും ഉടമ പറയുന്നുണ്ട്.
മദ്ധ്യപ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ് ഇപ്പോള്‍ ഇദ്ദേഹം. സ്ഥാപനത്തിന്റെ റസിഡന്‍ഷ്യല്‍ ക്യാമ്പസിനുള്ളില്‍ തന്നെയാണ് ഇവരുടെ വീടും നിര്‍മിച്ചിരിക്കുന്നത്. വീടിന് അകത്തേക്ക് പ്രവേശിച്ചാല്‍ നിലത്ത് അതിമനോഹരമായ അലങ്കാരമാണ് നല്‍കിയിട്ടുള്ളത്. ഫ്‌ളോര്‍ ഡിസൈനില്‍ കന്നുകാലികളുടെ ചിത്രം മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്. താന്‍ ചെറുപ്പത്തില്‍ പാല്‍ വിതരണം തൊഴിലായി ചെയ്തിരുന്നതിന്റെ ഓര്‍മ്മയ്ക്കാണ് ഇതെന്നും ഉടമ പറയുന്നുണ്ട്.
വീട്ടിലെ വിശേഷങ്ങള്‍ വിശദമായി തന്നെ ഉടമ പങ്കുവയ്ക്കുന്നുണ്ട്. ലോകത്തും നമ്മുടെ രാജ്യത്തും നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സ്‌നേഹം മാത്രമാണെന്നും മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുകയാണ് പരമപ്രധാനമെന്നും വീഡിയോയില്‍ ഉടമ പറയുന്നുണ്ട്. അതേസമയം, വീട് നിര്‍മിക്കാന്‍ എത്ര രൂപ ചെലവായെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.