പ്രീഡിഗ്രി തോറ്റു, എന്നിട്ടും 'ഡോക്ടറായി'; നാട്ടുകാരുടെ സംശയം ശരിയായപ്പോള്‍ കണ്ണന്‍ കുടുങ്ങി

Sunday 15 June 2025 10:27 PM IST

കോഴിക്കോട്: വ്യാജ ഡോക്ടറായി രോഗികളെ ചികിത്സിച്ച് വിലസിയിരുന്നയാള്‍ 81ാം വയസ്സില്‍ പിടിയിലായി. കഴിഞ്ഞ 21 വര്‍ഷമായി നാട്ടുകാരെ പറ്റിച്ച് ചികിത്സ നടത്തിയിരുന്ന മാറാട് മെഡിക്കല്‍ സെന്റര്‍ ഉടമ ഇ.കെ കണ്ണന്‍ എന്ന കുഞ്ഞിക്കണ്ണനാണ് പൊലീസിന്റെ പിടിയിലായത്. 2004 മുതല്‍ ഇയാള്‍ മാറാട് സാഗര സരിണിയില്‍ വായനശാലയ്ക്ക് സമീപത്തായി മാറാട് മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ ചികിത്സാ കേന്ദ്രം നടത്തി നാട്ടുകാരുടെ മുന്നില്‍ ഡോക്ടറായി വിലസുകയായിരുന്നു.

21 വര്‍ഷത്തിനിടെ സാധാരണക്കാരായ ആയിരങ്ങളാണ് ഇയാളുടെ ചികിത്സയില്‍ വഞ്ചിതരായത്. ആര്‍ക്കും ഒരു സംശയത്തിനും ഇടവരുത്താത്ത വിധമാണ് ഇയാളുടെ പെരുമാറ്റം. കിടപ്പ് രോഗികള്‍ക്ക് നല്‍കിയ മരുന്നുകളുടെ പരിശോധനയില്‍ നിന്നാണ് പാലിയേറ്റീവ് നഴ്‌സുമാര്‍ കണ്ണന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. രോഗികള്‍ക്ക് ഇയാള്‍ നല്‍കിയത് കാലാവധി കഴിഞ്ഞ ഗുളികകളും കുപ്പി മരുന്നുകളുമാണ്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ് മാറാട് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും കാലാവധി കഴിഞ്ഞ നിരവധി മരുന്നുകളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. മരുന്നിന്റെ കാലാവധി രേഖപ്പെടുത്തിയിരുന്ന ഭാഗം അടര്‍ത്തി മാറ്റിയ ശേഷം അവിടെ മരുന്ന് കഴിക്കേണ്ട രീതി എഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചാണ് കുഞ്ഞിക്കണ്ണന്‍ വിതരണം ചെയ്തിരുന്നത്. അലോപ്പതി, ആയുര്‍വേദം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം തുടങ്ങിയവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണനെതിരെ ആള്‍മാറാട്ടം, വഞ്ചന കുറ്റങ്ങള്‍ക്ക് കേസെടുത്തത്.