ആട് 3; കാവ്യ ഫിലിം ഹൗസും കൈകോർക്കുന്നു
ജയസൂര്യ ഷാജി പാപ്പനായി എത്തുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി കൈകോർക്കുന്നു. ഒരുപിടി ഗംഭീര ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ഈ രണ്ട് നിർമ്മാണ കമ്പനി ഒരുമിക്കുന്നത് ചലച്ചിത്ര പ്രേമികൾക്ക് ആവേശം പകരുന്നതാണ്. ബ്ലോക് ബസ്റ്ററായ 2018, അമ്പതുകോടി ക്ലബ്ബിൽ ഇടംപിടിച്ച മാളികപ്പുറം, രേഖാചിത്രം എന്നീ ചിത്രങ്ങൾ കാവ്യ ഫിലിം കമ്പനിയാണ് നിർമ്മിച്ചത്. മലയാളത്തിൽ ഏറ്റവും കൂടുതൽ നവാഗത സംവിധായകരെ പരിചയപ്പെടുത്തിയ ബാനറാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച 23-ാമത്തെ ചിത്രമാണ് ആട് 3. എംപിക് ഫാന്റസി ചിത്രമായ ആട് 3 മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്നു. ആടിന്റെ രണ്ട് ഭാഗങ്ങളും ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി എന്നിവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളുമുണ്ട്. പാലക്കാട് ചിത്രീകരണം ആരംഭിച്ച ആട് 3 ഇപ്പോൾ ഷെഡ്യൂൾ ബ്രേക്കിൽ ആണ്.