വിമാന ദുരന്തം: പരിശോധനയിൽ വെല്ലുവിളി, ഒരാളുടെ ശരീരഭാഗങ്ങളുള്ള ബാഗിൽ രണ്ട് ശിരസുകൾ
അഹമ്മദാബാദ്: വിമാന ദുരന്തത്തിൽപ്പെട്ടവരെ എത്രയും വേഗം തിരിച്ചറിഞ്ഞ് ബന്ധുക്കളെ ഏൽപ്പിക്കാനുള്ള തീവ്രശ്രമം നടന്നുവരുന്നതിനിടെ ഡി.എൻ.എ പരിശോധന സങ്കീർണമാകുന്നു. ഒരാളുടെ ശരീരഭാഗങ്ങൾ അടക്കം ചെയ്തിരുന്ന ബാഗിൽ രണ്ട് ശിരസുകൾ കണ്ടെത്തിയത് വെല്ലുവിളിയായി. രണ്ട് ശരീര ഭാഗങ്ങളും ആരുടേതെന്ന് തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന വീണ്ടും നടത്തേണ്ടിവരും. ഏകദേശം 72 മണിക്കൂറെങ്കിലും ഇതിനുവേണ്ടിവന്നേക്കും. രണ്ട് ഇരകളുടെ ഭാഗങ്ങൾ ഒരേ ബാഗിലായിരിക്കാൻ പാടില്ലാത്തതിനാൽ ഡി.എൻ.എ സാമ്പിളിംഗ് പ്രക്രിയ ആവർത്തിക്കേണ്ടി വരുമെന്ന് സിവിൽ ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
സിവിൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിക്ക് പുറത്താണ് ഡി.എൻ.എ പരിശോധനയ്ക്കായി ബോഡി ബാഗുകൾ സൂക്ഷിച്ചിട്ടുള്ളത്. കത്തിക്കരിഞ്ഞുപോയതിനാൽ ദുരന്തത്തിൽപ്പെട്ടവരുടെ എല്ലാ ഭാഗങ്ങളും വീണ്ടെടുക്കാനാകുമെന്ന് ഉറപ്പില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ അന്ത്യകർമ്മങ്ങൾക്കായി ശരീരം തരണമെന്ന് വിലപിച്ചുകൊണ്ട് ആശുപത്രിക്കു മുമ്പിൽ കാത്തുകിടക്കുകയാണ് മരിച്ചവരുടെ ബന്ധുക്കൾ. വേദനിപ്പിക്കുന്ന രംഗമാണെങ്കിലും ഒന്നും ചെയ്യാനാകുന്നില്ലെന്ന് അധികൃതർ പറയുന്നു.
നടപടികൾ വേഗം
മൃതദേഹം കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും. മൃതദേഹങ്ങൾ കൈമാറാൻ ഡി.എൻ.എ സാമ്പിൾ നൽകിയ ബന്ധു തന്നെയെത്തുന്നതാണ് ഉചിതം. അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ വരണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് അധികാരപത്രം നൽകാം. തിരിച്ചറിയൽ രേഖയുൾപ്പെടെ സമർപ്പിക്കണം. മരിച്ചയാളുടെ തിരിച്ചറിയൽ രേഖയും ബന്ധം തെളിയിക്കുന്ന രേഖയും കൈവശം വയ്ക്കണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും അടങ്ങുന്ന ഫയൽ ആശുപത്രി നൽകും. മൃതദേഹം വിമാനത്തിൽ കൊണ്ടുപോകുന്നതിനായി എയർ ഇന്ത്യ സജ്ജമാണ്. റോഡ് മാർഗം കൊണ്ടുപോകേണ്ടവർക്ക് സൗകര്യം ഒരുക്കും.