വാളുമായി ആരാധകൻ; ശാസിച്ച് കമൽ ഹാസൻ

Monday 16 June 2025 1:05 AM IST

തിരുവനന്തപുരം:മക്കൾ നീതി മയ്യത്തിന്റെ യോഗത്തിൽ തന്നെ കാണാൻ വാളുമായെത്തിയ ആരാധനെ ശാസിച്ച് കമൽ ഹാസൻ.വാളുമേന്തി ചിത്രമെടുക്കണമെന്ന് ആരാധകൻ ആവശ്യപ്പെട്ടതാണ് കമലിനെ ചൊടിപ്പിച്ചത്.ഇതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി.ശനിയാഴ്ചയായിരുന്നു സംഭവം.കമൽഹാസൻ തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായതിനെ തുടർന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ യോഗം നടക്കുകയായിരുന്നു.കമൽ വേദിയിൽ നിൽക്കമ്പോൾ ഒരാരാധകൻ വാളുമായി അദ്ദേഹത്തെ സമീപിച്ചു.വാൾ ഉറയിൽ നിന്ന് പുറത്തെടുത്ത് അത് പിടിച്ച് പോസ് ചെയ്യാൻ ഇയാൾ കമലിനോട് ആവശ്യപ്പെട്ടു.ആദ്യം കമൽ പുഞ്ചിരിക്കുകയും വാൾ പിടിച്ചുകൊണ്ട് തലയാട്ടുകയും ചെയ്തു.എന്നാൽ ആരാധകൻ വീണ്ടും നിർബന്ധിക്കുകയും വാളിന്റെ ഉറയുടെ കെട്ട് അഴിക്കാൻ ശ്രമിക്കുകയുംചെയ്തു. ഇയാൾ വീണ്ടും നിർബന്ധിച്ചപ്പോൾ കമൽഹാസൻ ദേഷ്യപ്പെടുകയും ആരാധകനേയും സുഹൃത്തുക്കളെയും ശാസിക്കുകയും ചെയ്തു.ആളുകളോട് സംസാരിക്കുമ്പോൾ കമൽ മുന്നോട്ട് കൈ ചൂണ്ടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.ഇതിനിടെ ആരാധകനെ പിന്തിരിപ്പിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടപെടുന്നതും വീഡിയോയിൽ ഉണ്ട്.