പൂനെയിൽ പാലം തകർന്നുവീണ് 4 സഞ്ചാരികൾക്ക് ദാരുണാന്ത്യം
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ പാലം തകർന്നുവീണ് നാല് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. നിരവധിപേർ ഒഴുക്കിൽപ്പെട്ടതായും വിവരമുണ്ട്. 32 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലോടെ കുന്ദമല ഗ്രാമത്തിന് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം.
ഇന്ദ്രായണി നദിക്ക് കുറുകെയുള്ള ഇരുമ്പുപാലമാണ് തകർന്നത്. പാലത്തിൽ നിൽക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുകയായയിരുന്നു സഞ്ചാരികൾ. അതിനിടെ പാലത്തിന്റെ മദ്ധ്യഭാഗം തകർന്നുവീഴുകയായിരുന്നു. സഞ്ചാരികൾ പുഴയിലേക്ക് വീണു. ശക്തമായ ഒഴുക്കായിരുന്നെന്നും ആറ് പേരെ രക്ഷിക്കാനായെന്നും അധികൃതർ അറിയിച്ചു. ഒഴുക്കിൽപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്. പാലത്തിൽ പതിവിൽ കവിഞ്ഞ് ആളുകൾ കയറിയതാവാം കാരണമെന്ന് കരുതുന്നു.
ദേശീയ ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ സ്ഥലത്തുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ്. ഇതോടെ ഇന്ദ്രയാണി നദിയിൽ ജലനിരപ്പ് ഉയർന്നിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദുഃഖം രേഖപ്പെടുത്തി.