യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: 2 പ്രതികൾ കൂടി അറസ്റ്റിൽ

Monday 16 June 2025 1:45 AM IST

കളമശേരി: കോഴിക്കോട് മേപ്പയൂർ സ്വദേശി സൗരവി (22) നെ ഏപ്രിൽ 30ന് കുസാറ്റിനു സമീപത്തെ തമീം അപ്പാർട്ട്മെന്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി.

കുഴൽപ്പണ മാഫിയ സംഘത്തിലെ അംഗമായ കൊല്ലം ഫൈസ മൻസിലിൽ മുഹമ്മദ് അസർ. എസ് (30), കോഴിക്കോട് താമരശ്ശേരി കല്ലുവെട്ട് കുഴിക്കൽ വീട്ടിൽ മുഹമ്മദ് ഉവൈസ് (26) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

സൗരവിനെ കോഴിക്കോട് റൂറൽ പൊലീസിന്റെ സഹായത്തോടെ കളമശേരി പൊലീസ് മേയ് രണ്ടിന് ബാലുശേരിയിൽ നിന്ന് മോചിപ്പിച്ചിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹാഷിർ പെരിഞ്ചേരിയെ മോചനദ്രവമായി കൈപ്പറ്റിയ 3,60,000 രൂപയുമായി മേയ് രണ്ടിന് മേപ്പയ്യൂരിൽ നിന്നും പിടികൂടിയിരുന്നു. മറ്റൊരു പ്രതി കോഴിക്കോട് സ്വദേശി മൊട്ടൻ തറയിൽ ഹാരിസി (30) നെ പേരാമ്പ്രയിൽ നിന്നും പിടികൂടിയിരുന്നു .

ഓൺലൈൻ തട്ടിപ്പ് സംഘവും കുഴൽപ്പണ മാഫിയയുമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

കളമശേരി ഇൻസ്പെക്ടർ ലത്തീഫ് എം.ബിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ. കെ, നജീബ്, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, ലിബിൻ കുമാർ, ആദർശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.