വടക്കഞ്ചേരിയിൽ മോഷണം; വാച്ചുകളും പണവും നഷ്ടപ്പെട്ടു
വടക്കഞ്ചേരി: വീട്ടിൽ നിന്ന് പണവും വാച്ചുകളും മോഷ്ടിച്ചയാൾ ക്ഷേത്രത്തിലും കവർച്ചയ്ക്ക് ശ്രമിച്ചു. വടക്കഞ്ചേരി നഗരത്തോട് ചേർന്ന് വിനായക സ്ട്രീറ്റിലെ ഉഷാദേവിയുടെ വീട്ടിലും ഗണപതി ക്ഷേത്രത്തിലും ആണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് സംഭവം. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഉഷ ദേവിയുടെ വീട്ടിൽ നിന്നും രണ്ട് വാച്ചും അമ്പലത്തിലേക്ക് നിക്ഷേപിക്കാനായി സൂക്ഷിച്ച ചില്ലറത്തുട്ടുകളും ആണ് മോഷണം പോയത്. വീട്ടുകാർ കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് ഞായറാഴ്ച രാവിലെ എത്തുമ്പോഴാണ് സംഭവം അറിയുന്നത്. സമീപത്തെ ഗണപതി ക്ഷേത്രത്തിലെ സി.സി.ടി.വി കാമറ പരിശോധിപ്പോഴാണ് ഇവിടെയും മോഷണം നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയത്. പിൻവശത്തെ ഉഷദേവിയുടെ വീട്ടിലേക്കും മോഷ്ടാവ് പോകുന്നതിന്റെ ദൃശ്യവും സി.സി.ടി.വിയിൽ ഉണ്ട്. ഇവരുടെ വീടിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. അലമാരയും മറ്റും കുത്തിപ്പൊളിച്ച നിലയിലാണ്. വടക്കഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.പി.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.