സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവ് ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

Monday 16 June 2025 1:47 AM IST

കാഞ്ഞങ്ങാട്: കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. പടന്നക്കാട് ദാറുൽ അമീൻ ഹൗസിലെ സി.കെ സാജിദ(44)യുടെ പരാതിയിൽ ഭർത്താവ് ബല്ലകടപ്പുറത്തെ എം.കെ ഹംസ, ഭർതൃമാതാവ് ആയിഷ, സഹോദരങ്ങളായ ഫാത്തിമ, സുബൈർ, മുഹമ്മദ് എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. വിവാഹവേളയിൽ സാജിദയുടെ വീട്ടുകാർ സ്വർണ്ണവും പണവും സമ്മാനമായി നൽകിയിരുന്നു. കൂടുതൽ സ്വർണ്ണവും പണവും വേണമെന്ന് ആവശ്യപ്പെട്ട് സാജിദയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവത്രെ. പീഡനം അസഹ്യമായതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയ സാജിദ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.