ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി, ഇസ്രയേലിലെ തുറമുഖ നഗരത്തിന് നേരെ മിസൈൽ ആക്രമണം

Monday 16 June 2025 7:25 AM IST

ടെഹ്‌റാൻ: ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തെ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് ഇന്ത്യൻ എംബസി അധികൃതർ നീക്കിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ-ഇറാൻ സംഘർഷം യുദ്ധത്തിലേക്കെത്തുമോ എന്ന ഭീതി നിലനിൽക്കെയാണ് 1500ഓളം വിദ്യാർത്ഥികളെ സുരക്ഷിത ഇടങ്ങളിലാക്കിയത്. ഇവരിൽ ഏറിയപങ്കും ജമ്മു കാശ്‌മീർ സ്വദേശികളാണ്.

'ഇറാനിലെ സുരക്ഷാ സാഹചര്യങ്ങൾ സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്‌ക്കായി അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.' വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്‌സ്വാൾ പറഞ്ഞു. 'ചില കേസുകളിൽ വിദ്യാർത്ഥികളെ ഇറാനിൽ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് നീക്കി. മറ്റ് സാധ്യമായ വഴികളും തേടുന്നുണ്ട്.' അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാനമായ ടെഹ്‌റാൻ, ഷിറാസ്, ക്വൊം തുടങ്ങിയ നഗരങ്ങളിലാണ് മിക്ക വിദ്യാർത്ഥികളും ഉള്ളത്. എംബിബിഎസും മറ്റ് പ്രൊഫഷണൽ കോഴ്‌സുകളും ചെയ്യുന്നവരുമാണ് ഇവർ. ഇതിനിടെ തെക്കൻ ഗാസയിൽ നിന്നും ഇസ്രയേലിലേക്ക് ഇറാൻ അൽപംമുൻപും ശക്തമായ മിസൈൽ ആക്രമണം നടത്തി. തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്റെ മിസൈലുകൾ പതിച്ച് വൻ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. നാലുപേർക്ക് പരിക്കേറ്റു.

ഇതിനിടെ ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്റെ ഇന്ധന ടാങ്കർ വിമാനത്തെ ഇസ്രയേൽ സൈന്യം തകർത്തു. ഇനിയും ആക്രമിച്ചാൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ തകർക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു ഇതിനിടെയാണ് വീണ്ടും ആക്രമണം. 230ഓളം ഇറാൻ പൗരന്മാരാണ് നാലുദിവസത്തിനിടെ മരിച്ചത്. ഇവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. അതേസമയം കുട്ടികളടക്കം 10 പേർ മരിച്ചതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.