'ആവശ്യത്തിന് വെളളം ഇല്ല, ദുബായിലെ കൊടും ചൂടിനിടയിൽ വിമാനത്തിലിരുന്നത് അഞ്ച് മണിക്കൂർ'; എയർ ഇന്ത്യയ്ക്കെതിരെ യാത്രക്കാർ

Monday 16 June 2025 10:24 AM IST

ന്യൂഡൽഹി: എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിനെതിരെ ഗുരുതര പരാതിയുമായി യാത്രക്കാർ. ദുബായിൽ നിന്ന് രാജസ്ഥാനിലെ ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർഇന്ത്യ IX 196 വിമാനത്തിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നുവെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. ദുബായിലെ കൊടും ചൂടിനിടയിൽ അഞ്ച് മണിക്കൂറോളം എയർകണ്ടീഷൻ ചെയ്യാത്ത വിമാനത്തിൽ ഇരിക്കേണ്ടി വന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ജൂൺ പതിമൂന്നിനായിരുന്നു പരാതിക്കാസ്പദമായ സംഭവം ഉണ്ടായത്.

സാങ്കേതിക തകരാറുകളെ തുടർന്ന് അഞ്ച് മണിക്കൂർ വൈകിയാണ് ദുബായിയിൽ നിന്ന് വിമാനം പറന്നുയർന്നത്. വിമാനത്തിനുളളിലെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും കടുത്ത ചൂട് കാരണം ബുദ്ധിമുട്ടുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാം. ആ സമയത്ത് പുറത്തെ താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്ന് യാത്രക്കാർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്നേ ദിവസം രാത്രി 7.25ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പി​റ്റേന്ന് പുലർച്ചെ 12.45നാണ് തകരാറുകൾ പരിഹരിച്ച് പുറപ്പെട്ടത്. കുടിക്കാൻ ആവശ്യത്തിന് വെളളം പോലും വിമാനത്തിൽ ലഭിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്. വിഷയത്തിൽ എയർഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്നലെ പറന്നുയരുന്നതിന് തൊട്ടുമുൻപ് എയർഇന്ത്യ വിമാനം റൺവെയിൽ നിർത്തിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കൊൽക്കത്ത നേതാജി സുഭാഷ്‌ചന്ദ്ര ബോസ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ഉത്തർപ്രദേശിൽ ഹിൻഡൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനമാണ് പറന്നുയരുന്നതിന് മുൻപായി നിർത്തിയത്. സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം നിർത്തിയത്. തകരാർ വന്ന വിമാനത്തിന് പകരം വിമാനം യാത്രക്കാർക്കായി ഒരുക്കുമെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. എയർഇന്ത്യ എക്‌സ്‌പ്രസ് ഐ‌എ‌ക്‌സ് 1511 വിമാനമാണ് റൺവെയിൽ വച്ച് സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിയത്. സാങ്കേതിക തകരാർ എന്താണെന്ന് വ്യക്തമല്ല. യാത്രക്കാരോട് എയ‌ർ ഇന്ത്യഎക്‌സ്‌പ്രസ് അധികൃതർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.