സോണിയയും അനിതയും പോക്കറ്റ് മണിക്കായി കണ്ടെത്തിയ 'ബിസിനസ്'; കേരളം ലക്ഷ്യമാക്കുന്നതിനിടെ കുടുങ്ങി
കൊച്ചി: കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ എറണാകുളം നോർത്ത് റെയിൽവെ സ്‌റ്റേഷനിൽ എത്തിയ രണ്ട് യുവതികളെ സംശയം തോന്നിയതോടെയാണ് പൊലീസ് പരിശോധിച്ചത്. മൂന്ന് ട്രോളി ബാഗുമായി കേരളം ലക്ഷ്യമാക്കി യാത്ര തിരിച്ച ബംഗാൾ സ്വദേശികളായ യുവതികൾ പാലക്കാട് മുതൽ നിരീക്ഷണത്തിലായിരുന്നു. എറണാകുളം സ്റ്റേഷനിൽ ഇറങ്ങിയ ഇരുവരുടെയും ബാഗിൽ നിന്ന് പൊലീസ് കണ്ടെത്തിയത് 37 കിലോഗ്രാം കഞ്ചാവായിരുന്നു. മൂർഷിദാബാദ് സ്വദേശികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവരാണ് പിടിയിലായത്.
ഇന്നലെ മുതൽ ആർപിഎഫ് ക്രൈം സ്‌ക്വാഡ്, ഡാൻസാഫ് സംഘങ്ങൾ പരിശോധന ശക്തമാക്കിയിരുന്നു. സംശയം തോന്നിയ യുവതികൾ ബാഗമായി സ്ഥലം വിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു രണ്ട് യുവതികളുടെയും കഞ്ചാവ് കടത്ത്. ബംഗളൂരുവിൽ നിന്നാണ് ട്രെയിൻ കയറിയത്. പാലക്കാട് പരിശോധന കർശനമാക്കിയതോടെ റൂട്ട് മാറ്റിപ്പിടിച്ചെങ്കിലും യുവതികൾ കുടുങ്ങുകയായിരുന്നു. ഓർഡർ പ്രകാരമുള്ള കഞ്ചാവ് ബംഗാളിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന ക്യാരിയേഴ്സാണ് യുവതികൾ.
പോക്കറ്റ് മണിക്ക് വേണ്ടിയാണ് യുവതികളുടെ കഞ്ചാവ് കടത്ത്. സുരക്ഷിതമായി കഞ്ചാവ് എത്തിച്ചാൽ നിശ്ചിത തുക കമ്മിഷനായി ലഭിക്കും. കൈമാറിയതിന് ശേഷം അധികം വൈകാതെ നാട്ടിലേക്ക് മടങ്ങും. ഇവർക്കൊപ്പം മറ്റൊരു യുവാവമുണ്ടെന്നാണ് വിവരം. പൊലീസിനെ കണ്ടതോടെ ഇയാൾ മുങ്ങുകയായിരുന്നു. തുടർ നടപടികൾക്കായി ഗവ. റെയിൽവെ പൊലീസിന് ഇരുവരെയും കൈമാറിയിട്ടുണ്ട്.