'കമൽഹാസൻ സാർ ഇങ്ങോട്ട് വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചു, അത് എനിക്ക് ഭയങ്കര സങ്കടമായി'

Monday 16 June 2025 11:16 AM IST

എന്നും ഓർക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ദിലീപ്. കലാഭവനിലൂടെ തന്റെ കലാജീവിതം ആരംഭിച്ച ദിലീപ് മിമിക്രി രംഗത്തും സജീവമായിരുന്നു. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്തുതന്നെ ദിലീപ് ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, കുബേരൻ, മീശ മാധവൻ, കുഞ്ഞിക്കൂനൻ, സിഐഡി മൂസ, വെട്ടം, ചാന്തുപൊട്ട് തുടങ്ങിയ നിരവധി ദിലീപ് സിനിമങ്ങൾ എത്ര കണ്ടാലും മലയാളികൾക്ക് മതിയാകില്ല.

അടുത്തിടെ പുറത്തിറങ്ങിയ ദിലീപിന്റെ 150-ാംമത്തെ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യും നല്ല പ്രതികരണങ്ങൾ നേടിയിരുന്നു. മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ 'ട്വന്റി 20' എന്ന സിനിമ ദിലീപാണ് നിർമ്മിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് അടുത്തിടെ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി നടീനടന്മാരെ ഉൾപ്പെടുത്തിയിട്ടുള്ള സിനിമയിലെ ഒരു ഗാനത്തിൽ അഭിനയിക്കാൻ തമിഴ് നടന്മാരായ കമൽഹാസനെയും രജനികാന്തിനെയും വിളിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് നടൻ.

ദിലീപിന്റെ വാക്കുകൾ

'ട്വന്റി 20' സിനിമയുടെ അവസാനം എല്ലാ ഭാഷയിലുമുള്ള താരങ്ങളെ വച്ച് ഒരു പാട്ട് ചിത്രീകരിക്കാനായിരുന്നു പദ്ധതി. അതിനായി ഞാൻ കമൽ സാറിന്റെയും രജനി സാറിന്റെയും അടുത്ത് പോയി സംസാരിച്ചിരുന്നു. പിന്നീട് കമൽ സാർ ഇങ്ങോട്ട് വിളിച്ച് എന്നോട് ചോദിച്ചു, 'അത് ചെയ്യുന്നില്ലേ, ഞാൻ എപ്പോൾ വരണമെന്ന്?' അപ്പോൾ ഞാൻ പറഞ്ഞു സാർ അത് പറയാമെന്ന്. പക്ഷേ അവസാനം എങ്ങനെയെങ്കിലും സിനിമ തീർത്ത് ഇറക്കിയാൽ മതി എന്ന ഒരു അവസ്ഥയിലെത്തി. അതുകൊണ്ടാണ് അത് ഒഴിവാക്കിയത്. എനിക്ക് അത് ഭയങ്കര സങ്കടമായി. കാരണം അവർ എല്ലാം അത് ചെയ്യാൻ തയ്യാറായിരുന്നു. പക്ഷേ കഴിഞ്ഞില്ല.