വീടിന്റെ ഈ ഭാഗത്താണോ കിണർ; വെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം, ആരോഗ്യപ്രശ്‌നങ്ങൾ പോലും ഉണ്ടായേക്കാം

Monday 16 June 2025 12:14 PM IST

ഒരു വീട് വയ്‌ക്കുന്നതിന് മുമ്പ് ഭൂരിഭാഗം പേരും ചിന്തിക്കുന്ന കാര്യമാണ് കിണറിന്റേത്. അത്രയേറെ പ്രാധാന്യത്തോടെ ചെയ്യുന്ന കാര്യമാണത്. എന്നാൽ, വാസ്‌തുശാസ്‌ത്ര പ്രകാരം ശരിയായ സ്ഥാനത്ത് കിണർ കുഴിച്ചില്ല എങ്കിൽ വലിയ രീതിയിലുള്ള ദോഷമാകും ഉണ്ടാവുക. ഇത് വീടിന് മാത്രമല്ല, കുടുംബാംഗങ്ങൾക്കും വളരെയേറെ ദോഷം ചെയ്യുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് സാമ്പത്തികമായും ആരോഗ്യപരമായും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ. അതിനാൽ, ദുരിതങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത്തരം ചെറിയകാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

വീടിന്റെ വടക്ക് - പടിഞ്ഞാറ് ഭാഗത്ത് കിണർ വന്നാൽ നല്ലതല്ല എന്നാണ് വാസ്‌തുശാസ്‌ത്രത്തിൽ പറയുന്നത്. കിണർ കിഴക്കോ വടക്കോ വരുന്ന വിധത്തിൽ വേണം വീട് വയ്‌ക്കാൻ. അല്ലെങ്കിൽ അതിർത്തി വിട്ട് കിണർ പുറത്താക്കി ബാക്കി വരുന്ന ഭാഗത്ത് വീട് വരുന്ന വിധത്തിൽ വേണം പണിയാൻ.

മാത്രമല്ല, കിണർ കുത്തിയ മണ്ണ് വീടിന്റെ തറയ്‌ക്ക് ഇടാൻ പാടില്ല എന്ന് വിശ്വാസമുണ്ട്. കാരണം ഈ മണ്ണിന് കട്ടിയില്ലാത്തുകൊണ്ടാണ്. നല്ല ഉറപ്പുള്ള മണ്ണ് ഉപയോഗിച്ച് വേണം വീടിന് അടിത്തറയിടാൻ. കിണർ കുഴിക്കുമ്പോഴുള്ള മേൽമണ്ണ് ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും അവസാനം കിട്ടുന്ന മണ്ണ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഭാവിയിൽ ദോഷമുണ്ടാകാൻ ഇത് കാരണമായേക്കും.