'തഗ്‌ ലൈഫിന്'    പ്രേക്ഷകരെ ആകർഷിക്കാനായില്ല;  അമ്പേ  പരാജയം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിയേറ്റർ ഉടമകൾ

Monday 16 June 2025 2:41 PM IST

‌37 വർഷങ്ങൾക്കു ശേഷം മണിരത്നവും കമലഹാസനും ഒന്നിച്ചെത്തിയ ചിത്രം 'തഗ്‌ ലൈഫ്' ഏറെ പ്രതീക്ഷയോടെയാണ് ദക്ഷിണേന്ത്യൻ സിനിമാലോകം കാത്തിരുന്നത്. ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് ചിത്രം കാര്യമായ സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ല. മികച്ച താരനിരയും അണിയറപ്രവർത്തകരും ഉണ്ടായിരുന്നിട്ടു പോലും 'തഗ്‌ ലൈഫ്' പ്രേക്ഷകരെ ആകർഷിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു, ഇത് തിയേറ്റർ ഉടമകൾക്കും നഷ്ടമുണ്ടാക്കി.

റിലീസ് ചെയ്ത് ആദ്യ ആഴ്ച്ചയ്ക്കുള്ളിൽ 45 കോടി കളക്ഷൻ നേടിയെങ്കിലും, അതേ കാലയളവിൽ തന്നെ 168 കോടി നേടിയ കമൽ ഹാസൻ ചിത്രം "വിക്രമുമായി" താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ് 'തഗ്‌ ലൈഫിന്റെ' കളക്ഷൻ. ചിത്രത്തിന്റെ മോശം പ്രകടനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മിക്ക തിയേറ്ററുകളിലും പ്രദർശനം നിർത്തിവച്ചു. അതേസമയം കേരളത്തിലെ ചില തിയേറ്ററുകളിൽ റീ റിലീസിനെത്തിയ 'ഛോട്ടാ മുംബൈ' പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ തിയേറ്റർ ഉടമകൾ 'തഗ്‌ ലൈഫിന്റെ' വിതരണക്കാരായ റെഡ് ജയന്റ് മൂവീസിൽ നിന്നും നിർമ്മാതാക്കളായ കമലഹാസനിൽ നിന്നും മണിരത്നത്തിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു. മികച്ച സിനിമകൾ മാത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു കൊണ്ടിരുന്ന മണിരത്നത്തിനും 'തഗ് ലൈഫിന്റെ' പരാജയം നാണക്കേടായി.