ഭർത്താവിന്റെ മരണശേഷം നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ, പിന്നാലെ പീഡനം; യുവതിയുടെ പരാതിയിൽ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ
തൃശൂർ: പൂജയുടെ മറവിൽ പീഡനം നടത്തിയ കേസിൽ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ തൃശൂർ ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെ പൂജാരിയുടെ സഹായിയാണെന്ന് ബംഗളൂരു ബെല്ലന്ദൂർ പൊലീസ് അറിയിച്ചു. ബംഗളൂരു ഹരളൂർ സ്വദേശിയായ 38കാരിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
ഭർത്താവിന്റെ മരണം ശേഷം നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യുവതി ക്ഷേത്രത്തിൽ എത്തിയത്. യുവതിയുടെ കുടുംബത്തിന് നേരെ ആരോ ദുർമന്ത്രവാദം നടത്തിയിട്ടുണ്ടെന്ന് അരുൺ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ യുവതിയുടെ ഫോൺ നമ്പർ ഉൾപ്പടെ വിവരങ്ങൾ കൈക്കലാക്കി. ഇതോടെ പ്രതിവിധികൾക്കും പൂജകൾക്കുമായി യുവതിയെ ഇയാൾ വിളിക്കാൻ തുടങ്ങി. പിന്നീട് മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികമായി ചൂഷം ചെയ്യാൻ തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.