അൽപം പഞ്ചസാര എടുത്തോളൂ; ഉറുമ്പുകളെ വീട്ടിൽ നിന്ന് തുരത്താൻ സിമ്പിളായി ഒരു കാര്യം ചെയ്‌താൽ മതി
ഉറുമ്പ് ശല്യം മൂലം ബുദ്ധിമുട്ടനുഭവിക്കാത്തവർ ഉണ്ടാകില്ല. ഭക്ഷണാവശിഷ്ടങ്ങൾ ടേബിളിലും വീടിന്റെ പല ഭാഗങ്ങളിലും ഇടുന്നതാണ് ഉറുമ്പുകൾ വരാൻ കാരണം. വീട് വൃത്തിയാക്കി സൂക്ഷിക്കുകയെന്നതാണ് ഉറുമ്പിനെ അകറ്റാനുള്ള ശാശ്വതമായ പരിഹാരം.
വീട് വൃത്തിയായി കിടന്നിട്ടും ഉറുമ്പുകൾ വരുന്നെന്ന് പരാതി പറയുന്നവർ നിരവധിയാണ്. അങ്ങനെയുള്ളവർക്ക് ചില പൊടിക്കൈകൾ പരീക്ഷിക്കാം. പഞ്ചസാരയും ബോറിക് ആസിഡും മാത്രമേ ഇതിനാവശ്യമുള്ളൂ. കുറച്ച് പഞ്ചസാരയെടുത്ത് പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് അൽപം ബോറിക് ആസിഡ് ചേർത്ത് ഉറുമ്പിനെ കാണുന്നയിടങ്ങളിൽ ഇട്ടുകൊടുക്കാം. ഉറുമ്പ് ഇത് കഴിച്ചാൽ കുറച്ച് സമയത്തിനുള്ളിൽത്തന്നെ ചത്തുപോകും. അതോടെ ഉറുമ്പ് ശല്യം മാറും. വീട്ടിൽ കുട്ടികളുണ്ടെങ്കിൽ ഇതുപയോഗിക്കുമ്പോൾ സൂക്ഷിക്കണം.
അതുപോലെത്തന്നെ വിനാഗിരിയുടെ മണം ഉറുമ്പുകൾക്ക് അസഹനീയമാണ്. തുല്യ അളവിൽ വിനാഗിരിയും വെള്ളവും എടുത്ത് ഒരു സ്‌പ്രേ ബോട്ടിൽ നിറയ്ക്കുക. ശേഷം ഉറുമ്പ് ഉള്ളയിടങ്ങളിൽ തളിച്ചുകൊടുക്കാം. അല്ലെങ്കിൽ ഈ വെള്ളത്തിൽ ഒരു തുണി മുക്കി ഉറുമ്പ് ശല്യമുള്ളയിടങ്ങൾ തുടച്ചുകൊടുക്കാം. ഒന്നുരണ്ട് തവണ ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ഉറുമ്പുകൾ അപ്രത്യക്ഷമാകും.
ഉറുമ്പുകളുള്ളയിടങ്ങളിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. അല്ലെങ്കിൽ നാരങ്ങ തൊലി വയ്ക്കുക. ഉറുമ്പുകൾക്ക് നാരങ്ങ നീരിന്റെ ഗന്ധം ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതിനാൽ അവ അവിടെ നിന്ന് അകന്ന് പോകും. വീടിന്റെ തറ തുടയ്ക്കുന്ന വെള്ളത്തിൽ അല്പം നാരങ്ങ നീര് കൂടി ചേർത്ത് തുടയ്ക്കുന്നത് നല്ലതാണ്.