ഹോസ്റ്റലിൽനിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ

Tuesday 17 June 2025 1:03 AM IST

പറവൂർ: ഹോസ്‌റ്റലിൽനിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ പൊലീസ് കുന്നംകുളത്തുനിന്ന് കണ്ടെത്തി​ തിരികെയെത്തിച്ചു. പറവൂർ നഗരസഭയുടെ ഹോസ്‌റ്റലിൽനിന്നാണ് കാണാതായത്. രണ്ടുപേർ ഒമ്പതാംക്ളാസി​ലും ഒരാൾ പത്താംക്ളാസി​ലും പഠി​ക്കുന്നവരാണ്.

പൊലീസ് പറയുന്നത്: ഞായറാഴ്‌ച രാത്രി ഉറങ്ങാൻ പോകുന്നതുവരെ ഇവർ ഹോസ്‌റ്റലിൽ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ വാർഡൻ വിളിക്കാൻ എത്തിയപ്പോഴാണ് മൂവരേയും കാണാതായതായി​ മനസി​ലാക്കുന്നത്. നഗരസഭാ അധികൃതർ ഉടനെ പറവൂർ പൊലീസിൽ അറിയിച്ചു. മൊബൈൽഫോൺ കൈവശമില്ലായിരുന്ന കുട്ടികൾ കുന്നംകുളം ബസ് സ്‌റ്റാൻഡിലെത്തിയപ്പോൾ അവിടെയുണ്ടായി​രുന്ന സ്ത്രീയുടെ ഫോൺ വാങ്ങി​ ഒരുകുട്ടി അമ്മയെ വിളിച്ച് നാടുവിടുകയാണെന്ന് പറഞ്ഞു. ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയില്ല. കുട്ടിയുടെ അമ്മ തന്നെ വിളിച്ച നമ്പറിലേക്ക് തിരികെ വിളിച്ചപ്പോഴാണ് കുന്നംകുളത്താണെന്ന് അറിഞ്ഞത്. വിവരം കുട്ടിയുടെ അമ്മ ഹോസ്‌റ്റൽ വാർഡനെ അറിയിച്ചു.

പറവൂർ പൊലീസിൽനിന്ന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. കുന്നംകുളത്തുവച്ച് പെൺകുട്ടികളുടെകൂടെ കണ്ട യുവാവിനെയും പിടികൂടിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ ഇയാൾക്ക് പെൺകുട്ടികളിൽ ഒരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.