വെങ്ങര ചൂരിക്കാട് പ്രദേശം വെള്ളക്കെട്ടിൽ
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ നാലാം വാർഡിലെ ചൂരിക്കാട് പ്രദേശത്തും ബാങ്കിന് സമീപത്തുമുള്ള ജനങ്ങൾ വെള്ളക്കെട്ടു മൂലം ദുരിതത്തിൽ.ബാങ്കിന് സമീപമുള്ള നിരവധി വീടുകളിലും വീട്ടുപറമ്പുകളിലും മലിനജലം ഒഴുകിയെത്തി കിണർ വെള്ളം പോലും മലിനമായിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റു കൂടിയായ നാലാം വാർഡ് മെമ്പറോട് ഗ്രാമസഭ വഴിയും നേരിട്ടും കാലങ്ങളായി പരാതി പറയാറുണ്ടെങ്കിലും പരിഹാരമുണ്ടായില്ല. പ്രശ്നപരിഹാരം ഇല്ലാത്തതിനാൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. മഴക്കാല ശുചീകരണ പ്രവർത്തനം പോലും നടത്താത്തതിനാൽ ഓവുചാലുകൾ അടഞ്ഞു റോഡ് തോടായ അവസ്ഥയാണിവിടെ.ചൂരിക്കാട് പ്രദേശത്തുള്ളവർക്ക് എളുപ്പത്തിൽ എത്താവുന്ന വഴിയാണ് ബാങ്ക് റോഡ് ഈ വഴി മുഴുവൻ വെള്ളക്കെട്ടു നിറഞ്ഞതിനാൽ കാൽനട യാത്രയോ വാഹന യാത്രയോ സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്. സ്കൂൾ കുട്ടികൾ പോലും ഇതുമൂലം ഏറെ ദുരിതത്തിലാണ്.