ഇറാനിലെ ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേലിന്റെ ആക്രമണം,​ ടെൽ അവീവ് ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

Monday 16 June 2025 9:31 PM IST

ടെഹ്റാൻ: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന മുന്നറിയിപ്പിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സൈന്യം. ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐ.ആർ.ഐ.ബിക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തി. തത്സമയ വാർത്താ സംപ്രേഷണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലം നിറയുന്നതും വീഡിയോയിൽ കാണാം. ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ആക്രമണത്തിന് ശേഷവും ചാനൽ സംപ്രേഷണം തുടർന്നു. വീണ്ടും ആക്രമിക്കാൻ അവതാരക ഇസ്രയേലിനെ വെല്ലുവിളിക്കുകയും ചെയ്തു. ആക്രമണത്തിൽ നിരവധി മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.

ഇതിന് പിന്നാലെ ഇസ്രയേലിലെ ചാനൽ എൻ12,​ ചാനൽ 14 എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇരാൻ മുന്നറിയിപ്പ് നൽകി. ടെൽ അവീവ് വിട്ടുപോകാൻ ജനങ്ങളോട് ഇറാൻ ആവശ്യപ്പെട്ടു. വെടിനിറുത്തൽ ചർച്ചകൾക്ക് ഇടപെടാൻ ഗൾഫ് രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.