കണ്ണൂരിൽ പെരുമഴ ; വ്യാപകനാശം

Monday 16 June 2025 9:39 PM IST

ബാവലിപ്പുഴയിൽ രണ്ടുപേരെ കാണാതായിജില്ലാ ആശുപത്രി നേത്രവിഭാഗം ഓപ്പറേഷൻ തീയേറ്റർ ചോർച്ചയെ തുടർന്ന് അടച്ചു പുതിയതെരുവിൽ ചുഴലിക്കാറ്ര് നാശം വിതച്ചുപഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ തുറന്നുകർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ സാദ്ധ്യതജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

കണ്ണൂർ: ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വ്യാപകനാശം. കൊട്ടിയൂർ തീർത്ഥാടനത്തിനായി എത്തിയ രണ്ടുപേരെ ബാവലിപ്പുഴയിൽ കാണാതായി. നിരവധി വീടുകളും കെട്ടിടങ്ങളും മഴയിൽ തകർന്നു. ജില്ല ആശുപത്രിയിൽ ചോർച്ചയുണ്ടായതിനെ തുട‌‌ർന്ന് നേത്ര ശസ്ത്രക്രിയകൾ മാറ്റി വെക്കേണ്ടി വന്നു.വെള്ളം കയറിയും മരങ്ങൾ കടപുഴകി വീണും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തിരുന്നു.

നേത്ര ശസ്ത്രക്രിയകൾ മാറ്റി

കനത്ത മഴയിൽ ജില്ല ആശുപത്രിയിലെ നേത്രവിഭാഗം ഓപ്പറേഷൻ തീയേറ്റർ ചോർന്നതിനെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റി വയ്ക്കേണ്ടി വന്നത് രോഗികളിൽ ആശങ്കയുണ്ടാക്കി. ഇന്നലെ രാവിലെയാണ് സംഭവം. സുരക്ഷ മുൻനിർത്തി രോഗികളെ നിർബന്ധിതമായി ഡിസ്ചാർജ് ചെയ്യിപ്പിച്ചു. എട്ടുപേർക്കാണ് ഇന്നലെ തിമിര ശസ്ത്രക്രിയകൾ നിശ്ചയിച്ചിരുന്നത്. ഇവരുടെ ശസ്ത്രക്രിയൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി അധികൃതർ അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയ ആയതിനാൽ രോഗികളും കൂട്ടിരിപ്പുകാരും നേരത്തെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ഓപ്പറേഷന് മുന്നോടിയായുള്ള മരുന്നുകൾ ഉൾപ്പെടെ നൽകിയതിന് ശേഷം ശസ്ത്രക്രിയ നടക്കില്ലെന്ന് അറിയിച്ചതിൽ രോഗികളുടെ കൂട്ടിരിപ്പുകാർ പ്രതിഷേധിച്ചു. രോഗികളുടെ സുരക്ഷ മുൻ നിർത്തിയാണ് ശസ്ത്രക്രിയ മാറ്റിയതെന്നും ഓപ്പറേഷൻ തിയേറ്ററിന്റെ ചോർച്ച പരിഹരിച്ച് അണുവിമുക്തമാക്കി വെള്ളിയാഴ്ചക്കുള്ളിൽ ശസ്ത്രക്രിയ പുനരാരംഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കാണാതായവർക്കായി ഊർജ്ജിത തിരച്ചിൽ

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് യുവാക്കളെ ഒഴുക്കിൽ പെട്ട് കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ ഫോട്ടോ എടുക്കാനായി അന്വേഷിച്ചപ്പോഴാണ് അഭി‌ജിത്തിനെ കാണാനില്ലയെന്ന് മനസ്സിലാക്കിയത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. പ്രദേശത്ത് പൊലീസും ഫയർഫോഴ്സും സ്ക്യൂബ ഡൈവിംഗ് സംഘവും തിരച്ചിൽ നടത്തി വരികയാണ്.

വീശിയടിച്ച് ചുഴലി; കടകളും വീടുകളും തകർന്നു

ശക്തമായ മഴയിലും ചുഴലിക്കാറ്റിലും പുതിയതെരു മാർക്കറ്റിൽ കനത്ത നാശനഷ്ടം. നിരവധി കടകളുടെ ബോർഡുകൾ കാറ്റിൽ നിലംപൊത്തി. കെട്ടി‌ടങ്ങൾക്ക് ഭാഗികമായി കേടുപാടുണ്ടായി. കൃഷ്ണ ബേക്കറി , എസ്.എം സ്റ്റോർ,​ ശിവനന്ദ ഹോട്ടഷ, നാഷണൽ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് നാശനഷ്ടങ്ങളുണ്ടായത്. വളപട്ടണം പഞ്ചായത്ത് അധികൃതർ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ വളപട്ടണം പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. പന്നിയൂർ കൂവങ്കുന്നിൽ പുഞ്ചയിൽ ജെയിംസിന്റെ വീടിന് തെങ്ങ് വീണ് നാല് പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്കുകൾ ഗുരുതരമല്ല.

മതിലിടിഞ്ഞ് കൊളച്ചേരി സ്വദേശിനി സരോജിനി കോക്കമണിയുടെ വീടിന് വിള്ളലുണ്ടായി. ചേലേരി സി.വി ആരിഫയുടെ വീടിന്റെ മതിൽ തകർന്ന് അടുത്തുള്ള സാജിദിന്റെ പണി പൂർത്തിയാകാത്ത വീടിനും അബ്ദുൾ മജീദിന്റെ വീടിനും നാശനഷ്ടമുണ്ടായി. മയ്യിൽ വള്ളിയോട്ട് സി.വി സദാനന്ദന്റെ വീടിന് മതിൽ ഇടിഞ്ഞു വീണ് ഭാഗിക നഷ്ടം സംഭവിച്ചു. മാണിയൂരിൽ സി.കെ അലീമയുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. കനത്ത മഴയിൽ ശ്രീകണ്ഠാപുരം വണ്ണായിക്കടവ് പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു. കക്കാട് പുഴയിൽ നിന്നും വെള്ളം റോഡിലേക്ക് കയറി ഇതുവഴിയുള്ള മുണ്ടയാട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനഗതാഗതം നിർത്തിവെച്ചു. പുല്ലുപ്പി കടവ് നിറഞ്ഞ് ഒഴുകുന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

മലയോരത്തും തീര ദേശത്തും ജാഗ്രത നിർദ്ദേശം

മലയോര മേഖലയിൽ ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ നാശ നഷ്ടങ്ങളേറെയാണ്. മേഖലയിലെ പല പുഴകളും കരകവിഞ്ഞൊഴുകി. വൈദ്യുത തൂണുകളും മരങ്ങളും കടപുഴകി വീണു. കർണാടക വനത്തിൽ നിന്നുള്ള ഉരുൾ പൊട്ടൽ ഭീഷണിയിലുള്ളതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു. തീരദേശങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമായതിനാൽ തീരദേശവാസികൾക്കും ജാഗ്രത മുന്നറിയിപ്പ് നൽകി. കടലിൽ പോകുന്നതിനും വിലക്കുണ്ട്. കണ്ണൂർ നഗരത്തിലെ താവക്കര, കണ്ണൂർ സിറ്റി, മഞ്ചപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറി.

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു

വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനാൽ പഴശി ഡാമിന്റെ 16 ഷട്ടറുകളിൽ 13 എണ്ണം തുറന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുന്നെതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.