പാഴ്സൽ ലോറിയിലെ കവർച്ച: വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
ഹരിപ്പാട്: കോയമ്പത്തൂരിൽ നിന്ന് കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കൊണ്ടുപോയ മൂന്ന് കോടി 25ലക്ഷം രൂപ കാറിലെത്തിയ സംഘം കവർന്ന സംഭവത്തിൽ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ.13ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ദേശീയപാതയിൽ ചേപ്പാട് രാമപുരത്ത് ലോറിക്ക് കുറുകെ കാർ നിർത്തി ഡ്രൈവറെ മർദ്ദിച്ചായിരുന്നു കവർച്ച.അഞ്ച് പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാൽ,
കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവറുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കൊല്ലത്തെ ജുവലറി ഉടമയ്ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത്. സ്വർണവ്യാപാരി കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്വർണവ്യാപാരി കോയമ്പത്തൂരിൽ നടത്തിയ ഇടപാടിലൂടെ ലഭിച്ച പണമാണെന്നാണ് പൊലീസ് നിഗമനം. അതേസമയം, സമാന രീതിയിൽ മോഷണം നടത്തിയിട്ടുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്. ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡും ലോക്കൽ പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്.