ആറാട്ടുപുഴയി​ലും തൃക്കുന്നപ്പുഴയി​ലും കടലാക്രമണം അതി​ശക്തം

Tuesday 17 June 2025 2:15 AM IST

ഹരിപ്പാട്: ദിവസങ്ങളുടെ ഇടവേളക്കുശേഷം കടലാക്രമണം ശക്തമായത് തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരദേശവാസികളെ ദുരിതത്തിലാഴ്ത്തി. കനത്ത മഴക്കൊപ്പം കടലാക്രമണവും ശക്തമായതോടെ തീരവാസികളുടെ ദുരിതം കടുത്തതായി. തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച കടലാക്രമണം കനത്ത നാശമാണ് വിതച്ചത്. നിരവധി വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. തീരദേശ റോഡിന് പടിഞ്ഞാറുഭാഗം കടൽവെള്ളം കെട്ടിനിൽക്കുന്നു. ആറാട്ടുപുഴ വലിയഴിക്കൽ, പെരുമ്പള്ളി, കള്ളിക്കാട് മീശമുക്ക്, എസി പള്ളി ജംഗ്ഷന് വടക്കുമുതൽ എംഇഎസ് ജംഗ്ഷൻ വരെ, പടിഞ്ഞാറെ ജുമാമസ്ജിദിന് വടക്കുഭാഗം മുതൽ കാർത്തിക ജംഗ്ഷൻ വരെയും പത്തിശേരി മുതൽ മംഗലം വരെയും കടലാക്രമണം ജനജീവിതം ദുരിതത്തിലാഴ്ത്തി. കരയിലേക്ക് അടിച്ചു കയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് ശക്തമായി കിഴക്കോട്ട് ഒഴുകി. തീരദേശ റോഡിന് പടിഞ്ഞാറും കിഴക്കുമുള്ള നൂറിലധികം വീടുകളിൽ വെള്ളം കയറി. പെരുമ്പള്ളി ഭാഗത്ത് നിർമ്മിച്ച ജിയോ കടൽത്തി ഭാഗികമായി തകർന്നു. ഇവിടെ ഏത് നിമിഷവും റോഡ് കടലെടുക്കാവുന്ന അവസ്ഥയിലാണ്.