മഞ്ഞപ്പിത്തം: വിദഗ്ദ്ധസംഘം സ്ഥിതി വിലയിരുത്തി
ആലപ്പുഴ: ഒരാളുടെ മരണത്തിനും പതിനേഴോളം പേരുടെ ആശുപത്രിവാസത്തിനുമിടയാക്കിയ വള്ളികുന്നം, താമരക്കുളം പ്രദേശത്തെ മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളിൽ ജില്ലാമെഡിക്കൽ ഓഫീസിൽ നിന്നുള്ള വിദഗ്ദ്ധ സംഘമെത്തി സ്ഥിതി വിലയിരുത്തി.
വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ കടുവിനാൽ, കാഞ്ഞിരത്തിൻമൂട് വാർഡുകളിലും താമരക്കുളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുമാണ് മഞ്ഞപ്പിത്തം വ്യാപകമായത്. പ്രദേശത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ നടപടികളും വിലയിരുത്തിയ സംഘം, ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയും അവലോകനം ചെയ്തു.
കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതി ഇപ്പോഴും ഐ.സി.യുവിൽ തുടരുകയാണ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഒന്ന് കൂടി മെച്ചപ്പെട്ടശേഷം ഡിസ് ചാർജ് ചെയ്യാനാണ് തീരുമാനം.
ക്ളോറിനേഷൻ ഊർജിതം
രോഗം വ്യാപനം കണക്കിലെടുത്ത് മറ്റ് വാർഡുകളിലെ കുടിവെള്ള സ്രോതസുകളിലും ക്ളോറിനേഷൻ ഊർജിതമാക്കി. രോഗത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്ന പ്രദേശത്തെ ഓഡിറ്റോറിയത്തിലെ കിണറിലെയും സമീപത്തെ തോട്ടിലെയും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ച ആരോഗ്യ വകുപ്പ്, ഇവിടങ്ങളിലെല്ലാം ക്ളോറിനേഷൻ ശക്തമാക്കിയിട്ടുണ്ട്. രോഗ ബാധിത മേഖലകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കുന്നതിനൊപ്പം വാർഡ് തലങ്ങളിലും കുടുംബശ്രീ യൂണിറ്റ് അടിസ്ഥാനത്തിലും ആരോഗ്യ ബോധവത്‌കരണ നടപടികളും ആരംഭിച്ചു. കടുവിനാൽ വാർഡിലെ ബോധവത്‌കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി ഉദ്ഘാടനം ചെയ്തു. വള്ളികുന്നം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അനന്തു, ഹെൽത്ത് ഇൻസ്പെക്ടർ നുജുമുദ്ദീൻ തുടങ്ങിയവർ ബോധവത്‌കരണത്തിന് നേതൃത്വം നൽകി.