സ്വകാര്യബസ് പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ

Tuesday 17 June 2025 1:22 AM IST

ആലപ്പുഴ: വേതനവർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്നലെ സൂചന പണിമുടക്കും കളക്ടറേറ്റ് മാർച്ചും നടത്തി. സ്വകാര്യ ബസ് പണിമുടക്ക് വിദ്യാർത്ഥികളടക്കമുള്ളവരുടെ യാത്ര ദുഷ്കരമാക്കി. അമ്പലപ്പുഴ താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നതിനാൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിൽ രാവിലെയും വൈകിട്ടും കെ.എസ്.ആർ.ടി.സി ബസുകളിൽ പതിവിലധികം തിരക്ക് അനുഭവപ്പെട്ടു.

ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധ യോഗം ചേർന്നു. 2016ൽ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ വേതനം വർദ്ധിപ്പിക്കാനെടുത്ത തീരുമാനം ഇതുവരെ നടപ്പിലാക്കാൻ ബസുടമകൾ തയാറായിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സമരസമിതി കൺവീനർ എം.എം.അനസ് അലി പറഞ്ഞു. സംയുക്ത സമര സമിതി ചെയർമാൻ ബിനീഷ് ബോയ് അദ്ധ്യക്ഷനായി. ഒ.യു.അബ്ദുൾ കലാം സ്വാഗതം പറഞ്ഞു. ഹരിദാസൻ നായർ, എം.എം.ഷെരീഫ്, പി.വി.പുരുഷോത്തമൻ, എം.എസ്.സജീവ്, പി.എൻ.സന്തോഷ്‌, സി.ജെ.ഗോപൻ തുടങ്ങിയവർ സംസാരിച്ചു. ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. പണിമുടക്ക് പൂർണമായിരുന്നുന്നെന്ന് എം.എം.അനസ് അലി അറിയിച്ചു.