ചമയപ്പുര ഒരുങ്ങി, ശിൽപ്പശാല 20 മുതൽ
Tuesday 17 June 2025 12:00 AM IST
തൃശൂർ: അഭ്രപാളിയിലെ നായകരുടെ പകർന്നാട്ടത്തിന് ചമയം ഒരുക്കിയ പട്ടണം റഷീദിന് കീഴിൽ ചമയകല അഭ്യസിക്കാൻ അവസരം ഒരുങ്ങുന്നു. ഈ മാസം 20 മുതൽ 26 വരെ കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന ചമയകല ശിൽപ്പശാലയുടെ ഉദ്ഘാടനം 20ന് രാവിലെ 9.30ന് സംവിധായകൻ കമൽ നിർവഹിക്കും. ദേശീയതലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 ചമയകലാകാരൻമാരാണ് അക്കാഡമി കാമ്പസിൽ നടക്കുന്ന ശിൽപ്പശാലയിലെ പഠിതാക്കൾ. രംഗകലാരംഗത്തെ ചമയം, ബ്രൈഡൽ മേക്കപ്പ് തുടങ്ങിയ വ്യത്യസ്ത ശാഖകളിലൂടെ പുരോഗമിക്കുന്ന രീതിയിലാണ് ശിൽപ്പശാലയിൽ ക്ലാസുകൾ നടക്കുക. പട്ടണം റഷീദാണ് ഡയറക്ടർ. ചമയങ്ങൾ കേവലം അലങ്കാരങ്ങളല്ലെന്നും ദേശീയതയുടെയും സ്വത്വബോധത്തിന്റെയും ജൈവമുദ്രകളാണെന്നും ശിൽപ്പശാല സംഘടിപ്പിക്കാൻ പ്രേരകശക്തിയായതും ഇതുകൊണ്ടാണെന്നും അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളിപറഞ്ഞു.