ആളിപ്പടരുന്ന അഗ്‌നിയെ നിർവീര്യമാക്കാൻ മുൻനിരയിൽ ചാലക്കുടിക്കാർ

Tuesday 17 June 2025 12:00 AM IST

ചാലക്കുടി: ആളിപ്പടരുന്ന അഗ്‌നിക്കരികിൽനിന്ന് ചാലക്കുടിക്കാർ നടത്തിയ യുദ്ധസമാനമായ രക്ഷാപ്രവർത്തനത്തിലൂടെ ഒഴിവായത് വൻ ദുരന്തം. ഇന്നലെ മെയിൻ റോഡിലുണ്ടായ വൻ അഗ്‌നിബാധ ഒന്നരമണിക്കൂറിനകം ശമിപ്പിക്കാനായത് ഈ കൂട്ടായ്മയുടെ കയ്യുംമെയ്യും മറന്ന കഠിന പ്രയത്‌നത്തിന്റെ ഫലമാണ്. ജീവൻ പണയം വെച്ചും ഫയർഫോഴ്‌സ് സേനയെ സഹായിക്കൽ,ആളിപ്പടരുന്ന അഗ്‌നിക്കരികിൽ നിന്നും പെയിന്റ് പാത്രങ്ങൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റൽ എന്നിവയെല്ലാം ചെയ്തുതീർക്കാൻ നൂറുകണക്കിന് ആളുകളാണ് സന്നദ്ധരായത്. ഊക്കൻസ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുൻഭാഗത്തും എ.ബി.ടി റോഡിലെ ഗോഡൗണിന്റെ പിൻഭാഗത്തും രക്ഷാപ്രവർത്തനം ഒരുപോലെ നടന്നു. പെയിന്റ്,ഫർണിച്ചർ, റെക്‌സിൻ തുടങ്ങിയ സാധനങ്ങൾ കത്തിയമർന്നതിന്റെ രൂക്ഷഗന്ധവും ഇടയ്ക്കിടെയുണ്ടാകുന്ന പൊട്ടിത്തെറിയും വകവയ്ക്കാതെയായിരുന്നു രക്ഷാപ്രവർത്തനം. തീ ആളിപ്പടരുന്നതിന് മുമ്പുതന്നെ വാതക സിലിണ്ടറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയിരുന്നു.

കയ്യുംമെയ്യും മറന്ന് രക്ഷാപ്രവ‌ത്തനം

ടൗണിലെ ചുമട്ടു തൊഴിലാളികൾ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ എന്നിവരെല്ലാം രക്ഷാപ്രവർത്തനത്തിന് സജീവമായി. സി.പി.എം പ്രവർത്തകനായ എം.എം. ഷക്കീർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, റെയ്‌സൻ ആലുക്ക,ജോഷി പുത്തിരിക്കൽ,രാജ്കുമാർ സിത്താര,മുജീബ് എന്നിവരായിരുന്നു തീ ശമിപ്പിക്കാൻ ആദ്യന്തം മുന്നിൽ നിന്നത്. ഒപ്പം നൂറ് കണക്കിന് യുവാക്കളും പങ്കാളികളായി. ചാലക്കുടി ഫൊറോന പള്ളിയിലെ അസി.വികാരി ഫാ.ക്രിസ്റ്റി ചിറ്റക്കര പെയിന്റ് പാത്രങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിൽ പങ്കാളിയായത് രക്ഷാപ്രവർത്തനത്തിന് പുതിയൊരു മുഖം കൈവന്നു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി പ്രവർത്തകരും ദൗത്യത്തിൽ പങ്കാളികളായി.