തവിടുപൊടിയായി ദേശീയ പാത കല്ലിടുക്കും മുടിക്കോടും പണിയായി റോഡ് പണി
തൃശൂർ: പൊട്ടിപ്പൊളിഞ്ഞ് തവിടുപൊടിയായി മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാത. അടിപ്പാത നിർമ്മാണം നടക്കുന്ന കല്ലിടുക്കും മുടിക്കോടുമാണ് ദുരിതം. തകർന്ന് ചെളിക്കുളമാണ് രണ്ടിടത്തെയും സർവീസ് റോഡുകൾ. ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ വളരെ വേഗം കുറച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതുമൂലം മുക്കാൽ മണിക്കൂറോളം അധിക സമയം യാത്രക്കാർക്ക് നഷ്ടപ്പെടുന്നുണ്ട്. മഴ പെയ്തതോടെ ബൈക്ക് യാത്രക്കാരും അപകടക്കെണിയിലാണ്. ഇന്നലെ വൈകിട്ടോടെ മന്ത്രി കെ. രാജനും കളക്ടർ അർജുൻ പാണ്ഡ്യനും ഉൾപ്പെടെയുള്ളവർ സന്ദർശിക്കുമെന്ന് അറിഞ്ഞതോടെ ഉച്ചയ്ക്ക് മുൻപേ പാറപ്പൊടി കുഴികളിലിട്ട് നികത്തിയിരുന്നു. കല്ലിടുക്ക് ബ്ലോക്ക് കഴിഞ്ഞ് പട്ടിക്കാട് മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് വൻകുഴി രൂപപ്പെട്ടിരുന്നു. പാലക്കാട് ഭാഗത്തെ കുതിരാൻ റോഡിൽ കൊമ്പഴയ്ക്ക് മുൻപിലും വെള്ളക്കെട്ടും രൂക്ഷമായിരുന്നു. കരാർ കമ്പനി അധികൃതർ ഇന്നലെ താത്കാലികമായി ഇവ പരിഹരിച്ചിട്ടുണ്ട്. മണ്ണുത്തിയിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന ഭാഗത്ത് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ റോഡുകൾക്ക് വീതിക്കുറവും പ്രശ്‌നമാകുന്നുണ്ട്. കല്ലിടുക്കിൽ ഒരു ഭാഗത്ത് ആഴമുള്ള കുഴിക്ക് സമീപം റിബൺ കെട്ടിയത് ഒഴിച്ചാൽ മറ്റ് സുരക്ഷാ മുൻകരുതലുകളില്ല.
താത്കാലിക ഉടൻ പരിഹാരം: മന്ത്രി രാജൻ
തൃശൂർ: ദേശീയപാതയിലെ കുരുക്കഴിക്കാൻ രണ്ടു ദിവസത്തിനകം താത്കാലിക നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി കെ. രാജൻ. മഴയ്ക്ക് ശേഷം റോഡ് പൂർണമായും ഓവർലേ ചെയ്യാൻ ദേശീയപാതാ അതോറിറ്റിയോട് പറഞ്ഞിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ മുടിക്കോടും കല്ലിടുക്കും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയ്ക്ക് മുൻപ് തീർക്കേണ്ട പ്രവർത്തനങ്ങളിൽ കരാർ കമ്പനിയും എൻ.എച്ച്.എയും വീഴ്ച വരുത്തി. ഇതിൽ പൂർണമായും സംസ്ഥാന ഏജൻസികൾക്ക് ഇടപെടാനാകില്ലെന്നും മന്ത്രി പറഞ്ഞു. കല്ലിടുക്കും മുടിക്കോടും ആമ്പല്ലൂരിലും പേരാമ്പ്രയിലും മുരിങ്ങൂരിലും ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് നേരത്തെ അറിയിച്ചതാണ്. ആ സമയം ടാറിംഗ് നടത്തുമെന്നാണ് എൻ.എച്ച്.എ അറിയിച്ചത്. മുടിക്കോട് ഒരു ഭാഗം വികസിപ്പിച്ചാൽ കുരുക്കിന് പരിഹാരമാകും. എന്നാൽ തൃശൂരിലേക്കുള്ള മറുഭാഗത്ത് പൂർണമായും കുഴികളാണെന്നും മന്ത്രി പറഞ്ഞു. കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, തഹസിൽദാർ ജയശ്രീ, എൻ.എച്ച്.എ, മോട്ടോർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മന്ത്രിയുടെ നിർദ്ദേശങ്ങൾ
1. മുടിക്കോട് അമ്പലത്തിന്റെ ഭാഗത്തെ ഇലക്ട്രിക് പോസ്റ്റുകൾ നീക്കണം.
2. വെള്ളം പോകാത്ത കനാൽ മൂന്ന് ദിവസത്തിനകം നികത്തണം. 3. ഗ്രേഡർ കൊണ്ട് നിവർത്തി ഡബ്ലിയു.എം.എം മറ്റീരിയൽ വിരിച്ച് റോൾ ചെയ്ത് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കണം. 4. ഡ്രംമിക്‌സ് പ്ലാന്റ് അടിയന്തരമായി ശരിയാക്കി മഴ നിന്നയുടൻ ഓവർലേ ചെയ്യണം. 5. മണ്ണുത്തി- വടക്കഞ്ചേരി പാതയിൽ അറ്റകുറ്റപ്പണിക്ക് പ്രത്യേക ടീം വേണം. 6. തഹസിൽദാർ, ഒല്ലൂർ എ.സി.പി, പഞ്ചായത്ത് പ്രസിഡന്റ്, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെട്ട ഉപസമിതിക്ക് നിർമ്മാണത്തിന്റെ മേൽനോട്ടം. 7. പൊലീസിന്റെ 24 മണിക്കൂറും നിയന്ത്രണം. 8. വാളണ്ടിയർമാരെ ഏർപ്പെടുത്താൻ എൻ.എച്ച്.എയോട് നിർദ്ദേശം. 9. അപകടമുണ്ടായാൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് നോട്ടീസ്. 10. അടിപ്പാത നിർമ്മാണത്തിന്റെ ഓരോ പ്രവൃത്തിയും എന്ന് തീരുമെന്ന വർക്കിംഗ് കലണ്ടർ കളക്ടർക്ക് കൈമാറണം.