വിജ്ഞാപനമായി രാജ്യം സെൻസസിലേക്ക്

Tuesday 17 June 2025 1:49 AM IST

ന്യൂഡൽഹി: 2027ലെ സെൻസസ് നടപടികൾക്കുള്ള വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ജാതി സെൻസസും നടത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. വിജ്ഞാപനത്തിൽ ഇതേക്കുറിച്ച് പരാമർശമില്ലെങ്കിലും വിശദ നിർദ്ദേശം പിന്നാലെയുണ്ടായേക്കും.

രാജ്യം സ്വാ​ത​ന്ത്ര്യം​ ​നേ​ടി​യ​ ​ശേ​ഷ​മു​ള്ള​ ​എ​ട്ടാ​മ​ത് സെൻസസാണിത്. 2011ലാണ് ഒടുവിലായി നടത്തിയത്. 10 വർഷത്തിലൊരിക്കൽ നടത്തേണ്ട സെൻസസ് വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു.

13000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മണ്ഡല പുനർനിർണയം, പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം തുടങ്ങിയവയ്‌ക്ക് ഡേറ്റ നിർണായകമാണ്. സെൻസസ് വിവരങ്ങൾ ശേഖരിക്കുന്ന റഫറൻസ് തീയതികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വി​ജ്ഞാ​പ​നത്തിൽ വ്യക്തമാക്കി. ആ തീയതികൾക്ക് മുൻപോ ശേഷമോ നൽകുന്ന വിവരമാണെങ്കിലും വിജ്ഞാപനത്തിൽ പറയുന്ന റഫറൻസ് തീയതിയിൽ വിവരം നൽകിയെന്നാകും കണക്കാക്കുക.

രണ്ടുഘട്ടമായി സെൻസസ് നടത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​വീ​ടു​ക​ളി​ലെ​ സൗകര്യങ്ങ​ൾ,​​​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ,​​​ ​സ്വ​ത്തു​ക്ക​ൾ തുടങ്ങിയവയു​ടെ​ ​വി​വ​ര​ങ്ങ​ൾ ശേഖരിക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് ​ജ​ന​സം​ഖ്യാ​ ​ക​ണ​ക്കെ​ടു​പ്പ്. ഇതിൽ ​ജാ​തി​ കോളമുണ്ടാകുമെന്നാണ് സൂചന. 34​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​എ​ന്യൂ​മ​റേ​റ്റ​ർ​മാ​രെയും സൂ​പ്പ​ർ​വൈ​സർമാരെയും നിയോഗിക്കും. ഡി​ജി​റ്റ​ൽ സാങ്കേതിക​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ചായിരിക്കും വിവരശേഖരണം. ഒക്ടോബറിൽ എന്യുമറേറ്രർമാർക്ക് പരിശീലനം ആരംഭിക്കും.

മൂന്നു ഡസൻ ചോദ്യങ്ങൾ തയ്യാറാക്കും. ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, വാഹനം, കഴിക്കുന്ന ധാന്യങ്ങൾ, വീട്ടുടമ വനിതയാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും.

തുടക്കം കാശ്മീരിൽ

ജമ്മു കാശ്‌മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വിവരശേഖരണം 2026 ഒക്ടോബറിൽ

മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രഭരണപ്രദേശങ്ങളിലും റഫറൻസ് തീയതി 2027 മാർച്ചിൽ ആരംഭിക്കും.

അപ്ഡേറ്റാകുന്നവ

ജനസംഖ്യയും വളർച്ചാനിരക്കും

ലിംഗാനുപാതം

സാക്ഷരതാനിരക്ക്

നഗരവത്കരണം

ഒ.ബി.സി കണക്കറിയാം

രാജ്യത്തെ ഒ.ബി.സി ജനസംഖ്യ വെളിപ്പെടുമെന്നതാണ് ജാതി സെൻസസിന്റെ പ്രധാന സവിശേഷത. അർഹമായ പ്രാതിനിധ്യം ലഭിക്കാൻ ഈ കണക്ക് ഉപകരിക്കും. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ജാതി സെൻസസ്. 2011ൽ യു.പി.എ ഭരണക്കാലത്ത് ജാതി സ‌ർവേ നടത്തിയെങ്കിലും ഡേറ്റ പുറത്തുവിട്ടിരുന്നില്ല.