യോഗേശ്വരിയുടെ 'വിണ്ണൈതാണ്ടിയ കനവുകൾ' യാഥാർത്ഥ്യമാകുന്നു

Tuesday 17 June 2025 12:13 AM IST

വിരുദുനഗർ കളക്ടർ വി.പി. ജയശീലൻ യോഗേശ്വരിയെ ആദരിച്ചപ്പോൾ

ചെന്നൈ: വിരുദുനഗറിലെ യോഗേശ്വരി ശെൽവമാണ് ഇപ്പോൾ തമിഴ്നാട്ടിലെ താരം. സർക്കാർ സ്കൂളിൽ തമിഴ് മീഡിയത്തിൽ ട്യൂഷനില്ലാതെ പ്ലസ് ടു വരെ പഠിച്ച് ഇപ്പോൾ ജെ.ഇ.ഇ പരീക്ഷ വിജയിച്ച് ഐ.ഐ.ടി ബോംബെയിൽ പ്രവേശനം നേടിയിരിക്കുകയാണ് ഈ മിടുക്കി. അമ്മ പടക്ക നിർമ്മാണ തൊഴിലാളി. അച്ഛൻ ചായക്കടയിലെ ജീവനക്കാരനും. പക്ഷേ,അവൾ കണ്ടത് 'വിണ്ണൈതാണ്ടിയ കനവു'കൾ. ഒപ്പം സ്വപ്നസാക്ഷാത്കാരത്തിനായുള്ള കഠിന പരിശ്രമവും.

യോഗേശ്വരി ശരാശരിക്കും മുകളിലുള്ള വിദ്യാർത്ഥിനി മാത്രമായിരുന്നെങ്കിലും,ഏഴാം ക്ലാസ് പഠനകാലത്ത് അവളിൽ എയ്‌റോസ്‌പേസ് എൻജിനിയറിംഗിനോട് അഭിനിവേശം ജനിച്ചു. തുട‌ർന്നങ്ങോട്ട് സ്കൂളിലെ മികച്ച വിദ്യാർത്ഥിയായി. വിരുദുനഗർ കളക്ടർ വി.പി. ജയശീലൻ വിദ്യാർത്ഥികളുമായി സംവദിച്ച 'കോഫി വിത്ത് കളക്ടർ' പ്രോഗ്രാമിൽ പങ്കെടുത്തതാണ് അവൾക്ക് വഴിത്തിരിവായത്. പന്ത്രണ്ടാം ക്ലാസിൽ നാൻ മുതൽ വൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലൂരി കനവ് പരീക്ഷയിൽ അവൾ പങ്കെടുത്തു. സർക്കാർ സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച പഠനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരീശീലനം നൽകാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടപ്പിലാക്കിയ പദ്ധതിയാണിത്.

സത്തൂരിനടുത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിനൊപ്പമായിരുന്നു പരീക്ഷയ്ക്കു വേണ്ടിയുള്ള പരിശീലനവും. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് ഈറോഡിലും 40 ദിവസത്തെ പരിശീലനം നടത്തിയിരുന്നു. തുടർ വിദ്യാഭ്യാസത്തിനുള്ള ചെലവുകളും സർക്കാർ തന്നെ വഹിക്കും. കളക്ടർ വി.പി. ജയശീലൻ 5,000 രൂപ സമ്മാനമായി യോഗേശ്വരിക്ക് നൽകി. ഐ.ഐ.ടി.യിലെ എന്റെ വിദ്യാഭ്യാസ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് കളക്ടർ പറഞ്ഞു.

തുടക്കത്തിൽ,പരിശീലനത്തിനായി വീട്ടിൽ നിന്നും അയയ്ക്കാൻ എന്റെ മാതാപിതാക്കൾ മടിച്ചു. ഞാൻ പിന്മാറിയില്ല. സർക്കാർ സ്കൂളിൽ പഠിച്ചാലും സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് എത്തുകയാണ് അടുത്ത ലക്ഷ്യം

-യോഗേശ്വരി ശെൽവം