കഞ്ചാവുമായി എത്തിയ രണ്ടുപേർ പിടിയിൽ അകത്തായത് കൊലപാതകക്കേസിലെ പ്രതിയും
പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി, കൊലപാതകക്കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേരെ പിടികൂടി. നീറമൺകര പൂന്തോപ്പിൽ വീട്ടിൽ സനോജ് എസ്.സാബു (24),നേമം കൈമനം ലക്ഷംവീട് കോളനിയിൽ നിന്ന് പള്ളിച്ചൽ ഉടുമ്പുവിളാകം തോട്ടുകര വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആർ.വിഷ്‌ണുരാജ് (28) എന്നിവരാണ് പിടിയിലായത്.
പാറശാല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദേശീയപാതയിൽ ഇന്നലെ നടന്ന വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി പ്രതികൾ നാഗർകോവിലിൽ എത്തി. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് നർക്കോട്ടിക് സെൽ അധികൃതർ പിടികൂടിയത്.
തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ്.കെ,ഡാൻസാഫ് എസ്.ഐമാരായ റസൽരാജ്.ആർ,ശ്രീഗോവിന്ത്.എ.എസ്,പ്രേംകുമാർ,സുനിൽരാജ്,എ.എസ്.ഐ നെവിൽരാജ്,എസ്.സി.പി.ഒമാരായ അനീഷ് കുമാർ,അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും,പാറശാല സി.ഐ സജി,എസ്.ഐമാരായ ദിപു,ഹർഷകുമാർ,ജയപോൾ,സി.പി.ഒമാരായ വിമൽകുമാർ,റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലേക്ക് എത്തിച്ച കഞ്ചാവ് തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.