യുവതികൾക്ക് ഓരോ തവണയും കിട്ടുന്നത് പതിനായിരം രൂപ വീതം,​ പണം വാങ്ങി അടുത്ത ട്രെയിനിൽ മടങ്ങും

Tuesday 17 June 2025 12:48 AM IST

കൊച്ചി: എറണാകുളം നോ‌ർത്ത് റെയിൽവേ സ്റ്റേഷനിൽ 37.5 കിലോ കഞ്ചാവുമായി റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പശ്ചിമബംഗാൾ സ്വദേശികളായ യുവതികൾക്ക് ഓരോ വരവിലും കിട്ടുന്ന പ്രതിഫലം പതിനായിരം രൂപ വീതം. സുരക്ഷിതമായി കഞ്ചാവ് കൈമാറിയാലുടൻ പണം കയ്യോടെ കിട്ടും. അടുത്ത ട്രെയിനിൽ നാട്ടിലേക്ക് മടങ്ങാം.

‌ഞായറാഴ്ച അറസ്റ്റിലായ അനിതാ ഖാത്തൂൺ ബീബിയും സോണിയാ സുൽത്താനയുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇരുവരെയും ഇന്നലെ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കാക്കനാട്ടെ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.ഇവരുടെ മുർഷിദാബാദിലുള്ള ബന്ധുക്കളുമായി റെയിൽവേ പൊലീസ് ബന്ധപ്പെട്ടു. സോണിയാ സുൽത്താന ബിരുദവിദ്യാർത്ഥിയും അനിത വിവാഹിതയുമാണെന്നു സ്ഥിരീകരിച്ചു.

കൃഷ്ണരാജപുരത്ത് നിന്ന് തങ്ങൾ കയറിയ ട്രെയിനിന്റെ മറ്റൊരു കോച്ചിൽ കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട അന്യസംസ്ഥാനക്കാരൻ ഉണ്ടായിരുന്നതായി യുവതികൾ മൊഴി നൽകി. അനിതയും സോണിയയും പൊലീസ് പിടിയിലായതറിഞ്ഞ് ഇയാൾ മുങ്ങിയെന്നാണ് സംശയം. തുടരന്വേഷണത്തിന്റെ ഭാഗമായി നോർത്ത് സ്റ്റേഷനിലെ സി.സി ടിവി ക്യാമറകൾ പൊലീസ് പരിശോധിക്കും. അന്വേഷണം എറണാകുളം റെയിൽവേ ഇൻസ്‌പെക്ടറുടെ താത്കാലിക ചുമതലയുള്ള ഷൊർണ്ണൂർ റെയിൽവേ ഇൻസ്പെക്ടർക്ക് കൈമാറി.