സർവ്വത്രനാശം വിതച്ച് കൊടുങ്കാറ്റ് : ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ
കോട്ടയം:പേമാരിയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ ജില്ലയിൽ വിവിധയിടങ്ങളിൽ സർവത്ര നാശം. ഇന്നലെ ഇടവിട്ടുള്ള മഴയും ഇടയ്ക്ക് തെളിഞ്ഞ കാലാവസ്ഥയും ഉണ്ടായിരുന്നെങ്കിലും കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ ബാക്കിയായി. രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴയിൽ പടിഞ്ഞാറൻ മേഖലയും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. തോടുകളും പാടശേഖരങ്ങളും നിറഞ്ഞു കിടക്കുന്ന നിലയിലാണ്. ജില്ലയിലെ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കാറ്റിന്റെ വേഗത: (മണിക്കൂറിൽ)
കോട്ടയം: 61 കി.മി കുമരകം: 52 കി.മി
മലയോരം മണ്ണിടിച്ചിൽ ഭീഷണിയിൽ: മലയോരമേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കിഴക്കൻ മേഖലകളിലേയ്ക്കുള്ള രാത്രികാല യാത്രയും ഖനനവും നിരോധിച്ചിരുന്നു.
കുമരകത്ത് വൻനാശം കുമരകം: ഞായറാഴ്ച രാത്രി വീശിയടിച്ച കാറ്റിൽ കുമരകത്ത് വൻനാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ കടപുഴകി അഞ്ചിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നും, കേബിൾ കമ്പികൾ പൊട്ടിയും താറുമാറായ വൈദ്യുതി വിതരണം ഇന്നലെ രാത്രിയോടെ പുന:സ്ഥാപിച്ചു. കാറ്റിലും മഴയിലും കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. സ്കൂളിലെ ഉപകരണങ്ങൾക്ക് പലതിനും കേടുപാടുകൾ സംഭവിച്ചു. ശക്തമായ മഴയെ തുടർന്ന് പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയർന്നു. കുമരകത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.
മേൽക്കൂരകൾ പറന്നു കുമരകം അഞ്ചാം വാർഡിൽ കണ്ണാടിച്ചാൽ പാടത്തിന്റെ തുരുത്തിലെ കുന്നക്കാട് കുര്യാക്കോസിന്റെ (കുഞ്ഞ് ) വീടിന്റെ മേൽക്കൂര പറന്നുപോയി. അടുക്കളയിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങൾ ഉപയോഗശൂന്യമായി. വീടിന്റെ സമീപത്തുനിന്ന വലിയ മാവ് കടപഴുകി. വീടിന്റെ ചുറ്റുപാടും വെള്ളം കയറിക്കിടക്കുകയാണ്. ഈ സമയം കുര്യാക്കോസും ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. കുമരകം ആറാം വാർഡിൽ ഇടവട്ടം പാടത്തിനുള്ളിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളുടെ വീടിന്റെ മേൽക്കൂര കാറ്റെടുത്തു. ചാവേച്ചേരിൽ വല്യാറ തങ്കമ്മ സുതൻ, തെക്കേത്തറ ബാബു എന്നിവരുടെ വീടുകളുടെ മേൽക്കൂര പറന്നുപോയി. വാർഡ് 14ൽ മാടക്കശ്ശേരിയിൽ വീട്ടിൽ തമ്പിയുടെ വീടിന്റെ മുകളിലേക്ക് സമീപവാസിയുടെ പറമ്പിലെ ആഞ്ഞിലി മരം വീണു. വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായി. അടുക്കളയും ബെഡ്റൂമും പൂർണമായും തകർന്നു. ഈസമയം തമ്പിയുടെ ഭാര്യയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. വാർഡ് ആറിൽ കാറ്റിലും മഴയിലും സെന്റ് മാർക്സ് സി.എസ്.ഐ പള്ളി പരിസരത്തുണ്ടായിരുന്ന മരങ്ങൾ വീണു. ദൈവാലയത്തിനും സാധന സാമഗ്രികൾക്കും നാശനഷ്ടങ്ങൾ ഉണ്ടായി. ഗതാഗതം തടസപ്പെട്ടത് കുമരകം പെട്രോൾ പമ്പ്, ബിവറേജസ് കോർപറേഷന്റെ സമീപം, അട്ടിപ്പീടിക റോഡ്, എസ്.കെ.എം പബ്ലിക് സ്കൂളിന് സമീപം, അപ്സര റോഡ്, ചീപ്പുങ്കൽ ബാക്ക് വാട്ടർ റിപ്പിൾസ് എന്നിവിടങ്ങളിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. രാത്രി തന്നെ തടസങ്ങൾ നീക്കി ഗതാഗതം സുഗമമാക്കി. ചക്രംപടി, അട്ടിപ്പിടിക, ചീപ്പുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലും വൻനാശം ഉണ്ടായി.
അതിരമ്പുഴയിലും വലിയ നഷ്ടം കോട്ടയം: ശക്തമായ കാറ്റിലും മഴയിലും അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും വലിയ നാശനഷ്ടം. ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണ് നിരവധി വീടുകളാണ് പ്രദേശത്ത് തകർന്നത്. കൃഷിനാശവും സംഭവിച്ചു. നിരവധി കാർഷിക വിളകളും, വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു. ശ്രീകണ്ഠമംഗലം, കുറ്റിയേൽ കവല പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം. ശ്രീകണ്ഠമംഗലം ചിറ്റേട്ട് സി. കെ നാരായണന്റെ വീട്ടിലെ മരങ്ങൾ കടപുഴകി വീണു. സജി നായത്തുപറമ്പിൽ, അപ്പച്ചൻ കുറ്റിയേൽ, പ്രസാദ് കുറ്റിയേൽ, അഭീഷ് കുറ്റിയേൽ, പൊന്നമ്മ കുറ്റിയേൽ, പാലയ്ക്കാത്തൊട്ടിയിൽ ശ്രീനാഥ്, പാലയ്ക്കാത്തൊട്ടിയിൽ അബീഷ്, ഷൈൻ കാട്ടുപ്പാറ, കിടങ്ങയിൽ സിബി, ചെമ്മാച്ചേരിൽ ജിമ്മി, ജോസ് അഞ്ജലി എന്നീവരുടെ വീടുകൾക്ക് ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചു.
കാറ്റ് നശിപ്പിച്ച പ്രദേശങ്ങൾ മന്ത്രി വാസവൻ സന്ദർശിച്ചു കോട്ടയം: ശക്തമായ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. അതിരമ്പുഴ, നീണ്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ ദുരന്തബാധിത പ്രദേശങ്ങളിലാണ് മന്ത്രി ആശ്വാസവാക്കുകളുമായി എത്തിയത്. അതിരമ്പുഴ വില്ലേജിലെ ശ്രീകണ്ഠമംഗലം, കുറ്റിയേൽ ഭാഗങ്ങളിലായി 16 വീടുകളും കൈപ്പുഴ വില്ലേജിലെ കൈപ്പുഴ ഭാഗത്ത് 10 വീടുകളും മരം വീണ് തകർന്നു. ആഞ്ഞിലിമരം വീണു തകർന്ന ശ്രീകണ്ഠമംഗലം എസ്.എൻ.ഡി.പി. യോഗം ഗുരുമന്ദിരത്തോടു ചേർന്നുള്ള ഹാളും ഒട്ടേറെ റബർ മരങ്ങൾ ഒടിഞ്ഞു വീണ കൈപ്പുഴ കല്ലംതൊട്ടിയിൽ ഭാഗവും മന്ത്രി സന്ദർശിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കാനാവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രി ദുരന്തബാധിതർക്ക് ഉറപ്പുനൽകി. വൈദ്യുതി ബന്ധം കഴിയുന്നത്ര വേഗത്തിൽ പുന:സ്ഥാപിക്കാനും മന്ത്രി നിർദ്ദേശം നൽകി. തകർന്ന വീടുകളുടെ കണക്കെടുത്ത് റിപ്പോർട്ട് ഉടൻതന്നെ തഹസീൽദാർക്ക് നൽകാൻ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർമാരോട് മന്ത്രി നിർദ്ദേശിച്ചു.
'ദുരന്തമായി" ദുരന്ത നിവാരണം കോട്ടയം: പ്രകൃതി ദുരന്തങ്ങളിൽ അടിയന്തിര നടപടിക്കായി രൂപീകരിച്ച ദുരന്ത നിവാരണ സമിതി ഫലത്തിൽ 'ദുരന്തമായ്' മാറിയെന്ന് ആക്ഷേപം. ചുങ്കത്ത് മരം വീണതിനെ തുടർന്ന് മെഡിക്കൽ കോളേജ് ബൈപ്പാസിലെ തടസം നീക്കാൻ ഒരു പകൽ എടുത്തത് ദുരന്ത നിവാരണ സമിതി കാര്യക്ഷമമല്ലാത്തതിന്റെ തെളിവാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി.
ഒരു മഴുവും കോടാലിയുമായിരുന്നു കൂറ്റൻ മരം വെട്ടി മാറ്റാൻ ഉണ്ടായിരുന്നത്. ജെ.സി.ബിയും ക്രെയിനുമെല്ലാം വാടകയ്ക്ക് കൊണ്ടു വന്നാണ് മരം മുറിച്ചു മാറ്റിയത്.
ജില്ലയിൽ നിരവധി മരങ്ങൾ അടിമണ്ണ് ഇളകി നിലം പൊത്താറായ അവസ്ഥയിൽ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലുമുണ്ട്. ഇവയുടെ കൃത്യമായ കണക്കില്ല.മാദ്ധ്യമങ്ങളിൽ നിരവധി വാർത്തകൾ വന്നിട്ടും വെട്ടി മാറ്റാൻ നടപടി എടുത്തിട്ടില്ല. ദുരന്തം ഉണ്ടായ ശേഷംമാത്രമാണ് ദുരന്ത നിവാരണ സമിതിയുടെ ഇടപെടൽ. ചുങ്കത്ത് കടപുഴകിയ മരത്തിന് സമീപം മറ്റൊരു കൂറ്റൻ മരമുണ്ട്. ഇത് വെട്ടാതെ ശിഖരങ്ങൾ മുറിച്ചു നിറുത്തിയത് വീണ്ടും അപകടം ക്ഷണിച്ചു വരുത്തുന്ന നടപടിയായി.അടി മണ്ണ് ഇളകി നിൽക്കുന്ന ഈ മരം മറിഞ്ഞാൽ ചുങ്കം പാലത്തിന്റെ കൈ വരികൾ തകർക്കുമെന്ന്ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ല.
കണ്ടിട്ടും കാണാതെ
കോട്ടയം കളക്ടറേറ്റ് വളപ്പ്, കഞ്ഞിക്കുഴി കവല, സി.എം,എസ് കോളേജിന് സമീപം, ചന്തക്കടവ് ടി.ബി റോഡ്, നാഗമ്പടം കുര്യൻ ഉതുപ്പ് റോഡ് , സ്റ്റേഡിയത്തിന് സമീപം, നാട്ടകം പോളിടെക്നിക്ക്,ഗവൺമെന്റ് കോളേജ് സമീപം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് വെട്ടി മാറ്റേണ്ട മരങ്ങൾ ഉള്ളത്. മഴയും കാറ്റും ശക്തമായിട്ടും ഇവയുടെ കമ്പിറക്കാനുള്ള നടപടി പോലും ദുരന്തനിവാരണ സമിതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
കുമരകം റോഡിൽ ചന്തക്കവല മുതൽ കൈപ്പുഴമുട്ട് വരെ അപകടകരമായി നിൽക്കുന്ന നിരവധിമരങ്ങൾ ഉണ്ടെങ്കിലും കമ്പിറക്കാൻ പോലും ശ്രമുണ്ടായിട്ടില്ല. കുമരകത്തെ സ്ഥിരം വൈദ്യുതി തടസത്തിന് കാരണം മരക്കമ്പുകൾ വെട്ടാത്തതാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പരാതിപെട്ടിട്ടും നടപടി ഇല്ല.
ദുരന്ത നിവാരണ സമിതി ദുരന്തങ്ങൾക്കു മുന്നിൽ കാഴ്ചക്കാരായി നിൽക്കുകയാണ് .ആവശ്യത്തിന് ഫണ്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി വെട്ടിമാറ്റണം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ