ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് ആദ്യ വനിതാ മേധാവി
ലണ്ടൻ: ബ്രിട്ടന്റെ വിദേശ ഇന്റലിജൻസ് സർവീസായ 'എം.ഐ 6"ന്റെ (MI6) അടുത്ത മേധാവിയായി ബ്ലെയ്സ് മെട്രെവേലിയെ (47) തിരഞ്ഞെടുത്തു. ഏജൻസിയുടെ 116 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തലപ്പത്തെത്തുന്നത്.
1999ലാണ് ബ്ലെയ്സ് സീക്രട്ട് ഇന്റലിജൻസ് സർവീസ് എന്നും അറിയപ്പെടുന്ന എം.ഐ 6ന്റെ ഭാഗമായത്. റിച്ചാർഡ് മൂർ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിൽ ഒക്ടോബറിലാണ് ബ്ലെയ്സ് ചുമതലയേൽക്കുക. നിലവിൽ ഏജൻസിയുടെ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ വിഭാഗത്തിന്റെ മേൽനോട്ടമാണ് ബ്ലെയ്സിന്.
യു.കെയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വിദേശത്ത് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് എം.ഐ 6ന്റെ ചുമതല. തീവ്രവാദം തടയുക, ശത്രു രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക, സൈബർ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
# ഇനി 'മാഡം C"
എം.ഐ 6ന്റെ മേധാവി അറിയപ്പെടുന്നത് 'C " എന്ന കോഡ് നാമത്തിൽ
പരസ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏജൻസിയിലെ ഒരേയൊരു അംഗം
ബ്ലെയ്സ് നിലവിൽ ' ഡയറക്ടർ ജനറൽ Q " (ടെക് മേധാവി)
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആന്ത്രപോളജിയിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ബ്ലെയ്സ് എം.ഐ 6ലും ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എം.ഐ 5ലും ഡയറക്ടർതല ജോലികൾ ചെയ്തു
കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് യൂറോപ്പിലും മിഡിൽ ഈസ്റ്റിലും