മോദിയുമായി നിർണായക ചർച്ചയ്ക്ക് കാർണി
ഒട്ടാവ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക കൂടിക്കാഴ്ച നടത്താൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് പുലർച്ചെയോടെയാണ് മോദി കാനഡയിലെത്തിയത്. കാർണിയുടെ പ്രത്യേക ക്ഷണപ്രകാരമാണിത്. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളൽ പരിഹരിക്കാനും സൗഹൃദം പുനഃസ്ഥാപിക്കാനും മോദി-കാർണി കൂടിക്കാഴ്ച വഴിയൊരുക്കും.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് കാർണി നേരത്തെ സൂചിപ്പിച്ചിരുന്നു. വ്യാപാരം അടക്കം വിഷയങ്ങളിൽ ഇന്ത്യയുമായി സഹകരണം വിപുലമാക്കാൻ കാനഡ ആഗ്രഹിക്കുന്നു. കാനഡയിലെ കുടിയേറ്റക്കാരിൽ വലിയൊരു പങ്ക് ഇന്ത്യയിൽ നിന്നുള്ളവരാണെന്നതും ബന്ധം മെച്ചപ്പെടുത്താനുള്ള ഘടകങ്ങളിൽ ഒന്നാണ്.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖാലിസ്ഥാൻ വാദികളെ പ്രോത്സാഹിപ്പിച്ചാണ് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത്. ട്രൂഡോയുടെ ഇന്ത്യാ വിരുദ്ധ നിലപാട് അദ്ദേഹത്തിന്റെ ലിബറൽ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഖാലിസ്ഥാൻ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാട് മോദി കാർണിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കും.
ഇന്ത്യ തേടുന്ന ഭീകരരെ കൈമാറണമെന്നും ആവശ്യപ്പെടും. മോദിയുടെ വരവിനെതിരെ ഖാലിസ്ഥാനി ഗ്രൂപ്പുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, തുടർച്ചയായി ആറാം തവണയാണ് മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കം നേതാക്കളും പങ്കെടുക്കുന്നുണ്ട്. വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്ന മോദി ജി 7 സെഷനുകളിൽ സംസാരിക്കും. മോദി നാളെ ക്രൊയേഷ്യയിലേക്ക് തിരിക്കും.