ബ്രിട്ടനിലെ യുവ കലാ സാഹിതിയുടെ സാഹിത്യോത്സവം; ഉദ്ഘാടനം മന്ത്രി പി പ്രസാദ്
ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ യുവ കലാ സാഹിതിയുടെ ആദ്യ സാഹിത്യോത്സവം, ഹീത്രോ വിമാനത്താവളത്തിനടുത്തുള്ള വെസ്റ്റ് ഡ്രെയിട്ടൻ കമ്യുണിറ്റി സെന്ററിൽ (UB7 9JL) ജൂൺ 21 ശനിയാഴ്ച കൃഷി വകുപ്പു മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യും. പ്ലാനിംഗ് ബോർഡ് മെമ്പറും ഗവേഷകനുമായ ഡോ. രവിരാമൻ, എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. ദീപ നിശാന്ത് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.
പൊതുസമ്മേളനത്തിൽ ബ്രിട്ടനിലെ യുവ കലാ സാഹിതി പ്രസഡിഡന്റ് എംപി അഭിജിത് അദ്ധ്യക്ഷത വഹിക്കും. സാഹിത്യോത്സവം ഡയറക്ടർ അഡ്വ. എൻ ആർ മുഹമ്മദ് നാസിം സ്വാഗതം ആശംസിക്കും. സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ലെജീവ് രാജൻ നന്ദി പറയും.
"നാടു കടന്നവരുടെ നാരായം" എന്ന ചർച്ചയിൽ എഴുത്തുകാരായ ശ്രുതി ശരണ്യം, മണമ്പൂർ സുരേഷ്, ശ്രീകാന്ത് താമരശ്ശേരി, രാജീവ് പട്ടത്തിൽ, രശ്മി പ്രകാശ് എന്നിവർ സംസാരിക്കും. "സൂമറും അൽഫയും: തലമുറ മാറ്റത്തിലെ ചേരാത്ത കണ്ണികൾ" എന്ന വിഷയത്തിൽ സി എ ജോസഫ്, ജെയ്‌സൺ ജോർജ് കൊച്ചിൻ കലാഭവൻ ലണ്ടൻ, പ്രിയ കിരൺ, ഡോ ബിജു പെരിങ്ങത്തറ, ഗായത്രി ഗോപി എന്നിവർ സംസാരിക്കും. "ലൈക് കമന്റ് ഷെയർ; നവ മാധ്യമങ്ങളിൽ തളിർത്ത ജീവിതങ്ങൾ" എന്ന വിഷയത്തിൽ ദീപ നിശാന്ത്, ചിഞ്ചു റോസ, ദീപ പി മധു, ഹിബ നസ്റിൻ, മുരളി വെട്ടത്തു, ഐശ്വര്യ കമല തുടങ്ങിയവർ സംസാരിക്കും.
"വംശീയത വിവേചനം; തെറ്റുന്ന കുടിയേറ്റ പരിഗണനകൾ" എന്ന വിഷയത്തിൽ ഡോ രവി രാമൻ, ബാലകൃഷ്ണൻ ബാലഗോപാൽ, എസ് ജയരാജ്, മധു ചെമ്പകശേരി, ബൈജു തിട്ടാല എന്നിവർ ചർച്ച ചെയ്യും.
പാനൽ ചർച്ചകളിൽ അഡ്വ. എൻ ആർ മുഹമ്മദ് നാസിം, ഷാഫി റഹ്മാൻ എന്നിവർ മോഡറേറ്ററായിരിക്കും. ഇത് കൂടാതെ സാഹിത്യ പുരസ്‌കാരം, പുസ്തക പ്രദർശനം, പുസ്തക ചർച്ച, കലാപരിപാടികൾ എന്നിവയുമുണ്ടാകും.