'100 പവൻ സ്വർണം, ഒരു ഭഗവദ്ഗീത'; വിമാനം തകർന്നുവീണ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്

Tuesday 17 June 2025 10:38 AM IST

ഗാന്ധിനഗർ: ജൂൺ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് പതിക്കുന്നത്. 650 അടി ഉയരത്തിൽ നിന്ന് പതിച്ച വിമാനം ഒരു തീഗോളമായി ഹോസ്റ്റൽ കെട്ടിടത്തെയും സമീപപ്രദേശത്തെയും വീഴുങ്ങുകയായിരുന്നു. 274 പേരാണ് അപകടത്തിൽ മരിച്ചത്.

അപകടം നടന്ന സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപ പ്രദേശത്തെ ആളുകളാണ്. 56കാരനായ രാജുപട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം അപകടസ്ഥലത്ത് എത്തിയത്. ആദ്യത്തെ 15മുതൽ 20 മിനിട്ട് വരെ തങ്ങൾക്ക് അടുത്തെത്താൻ പോലും കഴിഞ്ഞില്ലെന്നും ചുറ്റും തീയായിരുന്നുവെന്നും രാജുപട്ടേൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് ആദ്യത്തെ അഗ്നിശമന സേനയും ആംബുലൻസും എത്തിയപ്പോൾ തങ്ങളും സഹായിക്കാനായി ഓടിയെത്തിയെന്നും സ്ട്രെച്ചറുകൾ കാണാത്തതിനാൽ സാരിയും ബെഡ്ഷീറ്റും ഉപയോഗിച്ചാണ് പരിക്കേറ്റരെ സ്ഥലത്ത് നിന്ന് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജുപട്ടേലിന്റെ സംഘം രാത്രി ഒമ്പത് മണിവരെ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ശേഷം കത്തിനശിച്ച സ്ഥലത്ത് നിന്ന് കണ്ടെത്തിയ സാധനങ്ങൾ ഇവർ പൊലീസിന് കെെമാറി. 70 തോല (800 ഗ്രാമിൽ കൂടുതൽ ) സ്വർണാഭരണങ്ങൾ, 80,000 രൂപ, പാസ്‌പോർട്ടുകൾ, ഒരു ഭഗവദ്ഗീത എന്നിവ സംഘം കണ്ടെത്തിയതായി രാജുപട്ടേൽ അറിച്ചു. കണ്ടെടുത്ത എല്ലാ സ്വകാര്യ വസ്തുക്കളും രേഖപ്പെടുത്തുന്നുണ്ടെന്നും അവ അടുത്ത ബന്ധുക്കൾക്ക് തിരികെ നൽകുമെന്നും ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞു.