ഒരാഴ്‌ച മുമ്പ്‌ സ്ഥാനമേറ്റ ഇറാന്റെ സൈനിക കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

Tuesday 17 June 2025 3:18 PM IST

ടെൽ അവീവ്: ഇറാൻ - ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാകുന്നു. ടെഹ്റാനിൽ രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) കീഴിലുള്ള ഖതം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ കമാൻഡറായ ഘോലം അലി റാഷിദ് ഇസ്രായേലി ആക്രമണങ്ങളിൽ കഴിഞ്ഞാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിക്കുകയായിരുന്നു.

ഇറാനിയൻ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയിയുമായി അലി ഷദ്മാനിക്ക് അടുത്ത ബന്ധമാണുള്ളത്. ഷദ്മാനിയെ വധിച്ചെന്ന് എക്സിലൂടെയാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്.

ആക്രമണമാരംഭിച്ച വെള്ളിയാഴ്ചയ്ക്കു ശേഷം 224 പേർ കൊല്ലപ്പെട്ടെന്ന് ഇറാനും തങ്ങളുടെ 24 പേർ മരിച്ചെന്ന് ഇസ്രയേലും സ്ഥിരീകരിച്ചിരുന്നു. ഇരുപക്ഷത്തും മരണ സംഖ്യ ഉയരുകയാണ്. ഇറാന്റെ ഉന്നതരെ തേടിപ്പിടിച്ച് വകവരുത്തുകയാണ് ഇസ്രയേൽ. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കുടുംബവുമായി ഭൂഗർഭ ബങ്കറിൽ ഒളിച്ചു. ടെഹ്റാന്റെ വടക്കുകിഴക്കൻ മേഖലയായ ലാവിസാനിലാണ് ഖമനേയി ഉള്ളതെന്നാണ് വിവരം.

ടെഹ്‌റാന്റെ ആകാശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണം കടുപ്പിക്കുമെന്നും ജനം ടെഹ്റാൻ വിടണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടു. പിന്നാലെ ഇന്നലെ രാത്രി വ്യോമാക്രമണം നടത്തുകയും ചെയ്‌തു.