മോഹൻലാലിന്റെ സഹായത്തോടെ ആ വേഷം തിലകനിൽ നിന്ന് പ്രമുഖ നടൻ തട്ടിയെടുത്തോ? ഗുരുതര ആരോപണത്തിന്റെ യാഥാർത്ഥ്യം

Tuesday 17 June 2025 4:50 PM IST

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ അതുല്യ കലാകാരന്റെ ജീവിതത്തിൽ നടന്ന അധികമാർക്കുമറിയാത്ത ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

'ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തെക്കുറിച്ച് തിലകൻ ചേട്ടൻ ഉന്നയിച്ച ഒരു ആരോപണം ഓർമയിൽ വരികയാണ്. തിലകൻ ചേട്ടൻ ചാനലുകളിലും അഭിമുഖങ്ങളിലുമൊക്കെ പറഞ്ഞിരുന്നത്, ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഉദയവർമ തമ്പുരാൻ എന്ന കഥാപാത്രം സിബിയും ലോഹിതദാസും ചേർന്ന് തനിക്ക് വാഗ്ദ്ധാനം ചെയ്തതാണെന്നാണ്

നെടുമുടി വേണു കുത്സിത ബുദ്ധി പ്രയോഗിച്ച് മോഹൻലാലിലൂടെ ആ വേഷം തട്ടിയെടുക്കുകയാണ് ഉണ്ടായതെന്ന് പറഞ്ഞു. തിലകൻ ചേട്ടനെപ്പോലൊരു മഹാനടൻ ഇത്തരം ആരോപണം വളരെ വിഷമത്തോടെ ഉന്നയിച്ചപ്പോൾ അത് പൊതു സമൂഹത്തിൽ നെടുമുടി വേണുവിന് വലിയ അവമതിപ്പുണ്ടാക്കി. എല്ലാവരെയും പോലെ ഞാനും അത് വിശ്വസിച്ചു.

എന്നാൽ സത്യാവസ്ഥ അറിയുന്നതിനായി ഇതിന്റെ സംവിധായകൻ സിബി മലയിലിനെ നേരിട്ട് വിളിച്ച് കാര്യം ചോദിച്ചു. സിബി പറയുന്നത്, ഇങ്ങനെയൊരു സംഭവം തന്റെ ചിന്തയിൽപ്പോലും വന്നിട്ടില്ല, ഞാൻ ഒരിക്കലും തിലകൻ ചേട്ടനുമായി ആ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടേയില്ലെന്നാണ്. അഥവാ ആ ചിത്രത്തിലെ ഒരു വേഷം തിലകൻ ചേട്ടന് കൊടുക്കണമെങ്കിൽ അത് തിക്കുറിശ്ശി ചേട്ടൻ ചെയ്ത വേഷമായിരിക്കാമെന്നും സിബി വ്യക്തമാക്കി.

ലോഹിതദാസ് അങ്ങനെ വല്ല ഓഫറും തിലകൻ ചേട്ടന് കൊടുത്തിട്ടുണ്ടാകുമോയെന്ന് ഞാൻ ചോദിച്ചു. അതിന് സിബി പറഞ്ഞ മറുപടി, എന്നോട് ആലോചിച്ച ശേഷം മാത്രമേ ലോഹി സംസാരിക്കുകയുള്ളൂവെന്നാണ്. റോൾ തട്ടിയെടുക്കണമെങ്കിൽ വേണുവിന് പണിയില്ലാതിരിക്കണ്ടേ. ആ സമയത്ത് വേണുവിന് നിന്ന് തിരിയാൻ സമയമില്ലായിരുന്നു. മറ്റൊരാളുടെ റോൾ തട്ടിയെടുക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. എന്താണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് എനിക്കറിയില്ലെന്നാണ് സിബി പറഞ്ഞത്.'- ആലപ്പി അഷ്റഫ് പറഞ്ഞു.