കാരനാട് ചിറയ്ക്ക് ശാപമോക്ഷം
ഉഴമലയ്ക്കൽ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ കാരനാട് ചിറയ്ക്ക് ശാപമോക്ഷം. പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളിലൊന്നാണ് ഈ ചിറ. 80സെന്റ് വിസ്തൃതിയുള്ള ചിറ ആദ്യഘട്ടമായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്. വർഷങ്ങളായി കാടുപിടിച്ച് ഇഴജന്തുക്കളുടെ വാസസ്ഥലമായിരുന്നു ഇവിടം. രാത്രിയിൽ വീടുകളിലേയും കോഴിക്കടകളിലേയും മാലിന്യങ്ങൾ ഇവിടെ തള്ളുന്നതിനാൽ ചിറയിൽ നിന്നും ദുർഗന്ധമുണ്ടായിരുന്നു. കുളം നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് ഉഴമലയ്ക്കൽ പഞ്ചായത്ത് മുന്നോട്ടുവന്നത്.
കുട്ടികളുടെ പാർക്കും പൂന്തോട്ടവും
പഞ്ചായത്തിന്റെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ കാരനാട് ചിറയിൽ കുട്ടികളുടെ പാർക്ക് നിർമ്മിക്കാനും പൂന്തോട്ട നിർമ്മാണത്തിനുമായി 15 ലക്ഷം രൂപയുടെ പ്രോജക്ട് ഡി.പി.സി അംഗീകാരത്തിനായി നൽകിയിട്ടുണ്ട്. പാർക്കിന് പുറമേ ഇവിടെ കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സ്റ്റാളുകളും സ്ഥാപിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ ജലസ്രോതസുകളിൽ വെള്ളം നിറയാൻ കാരനാട് ചിറ പ്രയോജനകരമായിരുന്നു.
നീന്തൽക്കുളത്തിന് അനുയോജ്യം
നവീകരിച്ച കുളം നീന്തൽക്കുളമാക്കി മാറ്റാൻ നടപടിയുണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നെടുമങ്ങാട്-ഷൊർലക്കോട് സ്റ്റേറ്റ് ഹൈവേക്ക് തൊട്ടരികിലാണ് കാരനാട് ചിറയുള്ളത്. ഇവിടെ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കുളം നവീകരിച്ച് നീന്തൽക്കുളവും കുട്ടികളുടെ പാർക്കും സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കുട്ടികളുടെ നീന്തൽ പരിശീലനത്തിനായി നീന്തൽക്കുളം നിർമ്മിച്ചാൽ സമീപ പഞ്ചായത്തുകളിൽ നിന്നും നൂറുകണക്കിന് കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകാനാകും. ഗ്രാമീണ മേഖലയിൽ നിന്നും ദേശീയ, സംസ്ഥാന നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയവരും ഈ പ്രദേശത്തുണ്ട്.
ത്രിതല പഞ്ചായത്തീരാജ് സംവിധാനങ്ങളും സ്പോട്സ് കൗൺസിലും സംയുക്തമായി കാരനാട് ചിറയിൽ ആധുനിക രീതിയിൽ നീന്തൽക്കുളം നിർമ്മിക്കാൻ മുൻകൈയെടുക്കണമെന്നാണ് പ്രദേശത്തെ കായികപ്രേമികളുടെ ആവശ്യം.
പി.ചക്രപാണിയുടെ
പേര് നൽകണം
കാരനാട് ചിറ നവീകരിച്ച് നീന്തൽക്കുളമാക്കുമ്പോൾ ഉഴമലയ്ക്കൽ പഞ്ചായത്തിലെ നവോദ്ധാന നായകനും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകനുമായ പി.ചക്രപാണിയുടെ നാമധേയത്തിലാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. നവോദ്ധാന നായകനായിട്ടും ഇതേവരെ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ സ്മാരകം യാഥാർത്ഥ്യമാക്കിയിട്ടില്ല.