അച്ഛന്റെ പ്രയത്നത്തിൽ വളർന്ന കാവ്യ മാധവൻ

Wednesday 18 June 2025 6:00 AM IST

കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി

അച്ഛൻ പി. മാധവൻ

കാവ്യ മാധവൻ എന്ന കലാകാരിയെ വളർത്തിയതിലും തെന്നിന്ത്യൻ മുഴുവൻ അറിയപ്പെടുന്ന പ്രശസ്തിയിൽ എത്തിച്ചതിലും പി. മാധവൻ എന്ന അച്ഛന്റെ ഒരായുസിന്റെ പ്രയത്നമുണ്ട്. കലോത്സവ വേദികളിൽ കാവ്യ മത്സരിക്കുമ്പോൾ മുതൽ ആരംഭിച്ചതാണ് മാധവന്റെ യാത്ര. നീലേശ്വരം ടൗണിലെ സുപ്രിയ ടെക്സ്‌റ്റൈൽസ് എന്ന തന്റെ കട അടച്ചിട്ട് മകൾക്കൊപ്പം കലോത്സവ വേദിയിലാണ് പിന്നെ മാധവനും ഭാര്യ ശ്യാമളയും . ഏക മകൾ ആയതുകൊണ്ടുതന്നെ അച്ഛന് തന്നോട് ഒരു പ്രത്യേക വാത്സല്യം ആയിരുന്നുവെന്ന് കാവ്യ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. തന്റെ നട്ടെല്ല് അച്ഛനാണെന്ന് കാവ്യ പറയുമ്പോൾ അഭിമാനത്തോടെമാധവൻ കേട്ടിരുന്നു. വിവാദങ്ങളിലും വ്യക്തിജീവിതത്തിൽ വന്ന അപ്രതീക്ഷിത തിരിച്ചടികളിലും മകൾക്ക് കരുത്തു പകർന്ന് മാധവൻ ഒപ്പം ഉണ്ടായിരുന്നു. പൊതുവേ മിതഭാഷിയാണ് മാധവൻ. അപൂർവമായി മാത്രം കാവ്യയോടൊപ്പം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി മാധവനും ചെന്നൈയിലേക്ക് താമസം മാറി. കാവ്യയെ അത്രമാത്രം സ്നേഹിച്ച അച്ഛൻ. ചെന്നൈയിൽ വച്ചാണ് മാധവന്റെ അപ്രതീക്ഷിത വിയോഗം. മകൻ മിഥുൻ ഓസ്ട്രേലിയയിൽ നിന്ന് എത്തിയതിനു ശേഷമാണ് സംസ്കാരം.