തെരുവുനായ വിളയാട്ട് : കണ്ണൂർ നഗരത്തിൽ ഒറ്റനായ കടിച്ചത് 56 പേരെ
കണ്ണൂർ: നഗരത്തെ വീണ്ടും ഭീതിയിലാഴ്ത്തി തെരുവ് നായ ആക്രമണം. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ നഗരത്തിൽ ജനങ്ങളെ അക്രമിച്ച് തുടങ്ങിയ നായ ഒരു മണിക്ക് ശേഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടി നടന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ 56പേർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായ ജനങ്ങളെ കടിച്ചത്.ജനങ്ങളെ കടിച്ച് നഗരത്തെ പരിഭ്രാന്തിയിലാക്കിയ നായ ഒടുവിൽ ചത്തു
പ്ലസ് വൺ വിദ്യാർത്ഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ(63), തളിപ്പറമ്പിലെ ഗണേഷ് കുമാർ( 55 ), കങ്കോലിലെ വിജിത്ത്( 33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ്(35), മുണ്ടേരിയിലെ റാഷിദ (22) ,അഞ്ചരക്കണ്ടിയിലെ റജിൽ(19), എസ്.ബി.ഐ ജീവനക്കാരൻ രജീഷ്( 39), ഏറണാകുളം സ്വദേശി രവികുമാർ ( 40 ), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60),വാരം സ്വദേശി സുഷിൽ (30),കൂത്തുപറമ്പിലെ സഹദേവൻ( 61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ(71), കടമ്പൂരിലെ അശോകൻ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു( 65), കാഞ്ഞങ്ങാട് സ്വദേശിനി നന്ദന ( 21 ), മണിക്കടവിലെ ജിനോ (46) വി. ഫാത്തിമ റാനിയ(18), പി.അയൂബ്(54) കൂത്തുപറമ്പ്, പി. ജസീല(35) മൂന്നുനിരത്ത്, തേജ രാജീവൻ(20) വടകര, ജിഷ്ണു നാഗൻ(25) പാലക്കാട്, എം. ആരോൺ ഷാജി(16) ഏച്ചൂർ, എം.ഐ. അഞ്ജന(26) തളിപ്പറമ്പ്, എം.വി.കെ. കരീം(65) മാട്ടൂൽ, കെ. സമീൽ(38) കണ്ണൂർസിറ്റി, ജിബിൻ കുമാർ(26), കോളയാട്, മുഹമ്മദ്(20) വേങ്ങാട്, പി.വി. ധനേഷ്‌കുമാർ(50) തളിപ്പറമ്പ്, ആയിഷ(30) മാച്ചേരി, മനോഹരൻ(60) കൂത്തുപറമ്പ്, മണി(65) ബർണശ്ശേരി, അനൂപ് പയ്യാവൂർ(33),ഷഫീഖ് മാച്ചേരി(43)തുടങ്ങി 48 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. നടക്കുന്നവരെ നായ പിന്തുടർന്ന് കടിക്കുകയായിരുന്നു. പലരും കൈയ്യിലുള്ള കുടകൊണ്ടും മറ്റും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസ്സിറങ്ങി ബാങ്കിലേക്ക് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കൊട്ടിയൂർ സ്വദേശിയായ സാജുവിന് കടിയേറ്റത്. ബാങ്കിൽ നിന്ന് ഇറങ്ങിയ ഉടനെയും ബസിറങ്ങിയ ഉടനെയും നഗരത്തിലൂടെ നടക്കുന്നതിനിടെയും നിരവധി പേർക്ക് കടിയേറ്റു. പലർക്കും ആഴത്തിലുള്ള മുറിവേറ്റു. കടിയേറ്റവരിൽ പ്രായമായവരും കുട്ടികളുമുണ്ട്. ഇവർക്കുള്ള വാക്സിൻ ഉൾപ്പെടെയുള്ള ചികിത്സ ജില്ലാ ആശുപത്രിയിൽ നിന്നാണ് നൽകിയത് . വാക്സിനോട് അലർജി കാണിച്ച രണ്ട് പേരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിച്ചതായും അധികൃതർ അറിയിച്ചു.
പരസ്പരം പഴി ചാരി കോർപ്പറേഷനും ജില്ല പഞ്ചായത്തും
ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ കടിയേറ്റ ഘട്ടത്തിൽ തന്നെ സ്വീകരിച്ചിരുന്നുവെന്ന് മേയർ മുസ്ളീഹ് മഠത്തിൽ പറഞ്ഞു. നായകളെ പിടികൂടാൻ ആളെ വിളിച്ചു വരുത്തിയിട്ടുണ്ട്. നായകൾ അക്രമകാരികൾ ആണെന്ന് ആളുകളെ കടിക്കുന്ന ഘട്ടത്തിൽ മാത്രമാണ് അറിയാൻ കഴിയുന്നത്. അല്ലാതെ നിരീക്ഷിക്കാനോ പിടികൂടാനോ സംവിധാനമില്ല. ജില്ല പഞ്ചായത്താണ് വന്ധീകരണ നടപടികൾ ചെയ്യേണ്ടത്. അതിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ജില്ല പഞ്ചായത്ത് പൈസ സമാഹരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.
എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ അനിവാര്യമായ ചുമതലയിൽ പെട്ടതാണ് തെരുവുനായ നിയന്ത്രണം എന്നാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി പറഞ്ഞത്. തെരുവ് നായ ആക്രമണം ഉണ്ടാകുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ജില്ല പഞ്ചായത്തിനെ പഴി ചാരുന്നത് ശരിയല്ല. നഗരത്തിൽ തെരുവ് നയ ശല്യം നിയന്ത്രിക്കേണ്ടത് കോർപ്പറേഷനാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കേരള കൗമുദിയോട് പറഞ്ഞു.
നഗര മദ്ധ്യത്തിൽ ഇറങ്ങിയാൽ നായകളെ പേടിച്ച് നടക്കുക എന്നത് കഷ്ടമാണ്. ബാങ്കിന്റെ ആവശ്യത്തിനായി വളരെ ദൂരെ നിന്ന് കണ്ണൂരിലെത്തിയതായിരുന്നു അതും നടന്നില്ല. -കടിയേറ്റ സാജു കൊട്ടിയൂർ സ്വദേശി