കടലാക്രമണം: വീടുകൾ തകരുന്നു, വെട്ടുകാട് റോഡിന് കുറുകെ വള്ളമിട്ട് ഉപരോധിച്ചു

Wednesday 18 June 2025 2:30 AM IST

ശംഖുംമുഖം: കടലാക്രമണം ശക്തമായതോടെ വ്യാപകമായി വീടുകൾ തകരുകയും തീരം കടലെടുക്കുകയും ചെയ്തിട്ടും,അധികൃതർ വേണ്ട നടപടിയൊരുക്കാത്തതിൽ പ്രതിഷേധം ശക്തം. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ വെട്ടുകാട് റോഡിന് കുറുകെ വള്ളമിട്ട് ഉപരോധിച്ചു.

ഇന്നലെ തിരയടിച്ച് കണ്ണാന്തുറ ഭാഗത്ത് ഒരു വീട് പൂർണമായും,ശംഖുംമുഖം മുതൽ വേളി വരെയുള്ള ഭാഗത്ത് നിരവധി വീടുകൾ ഭാഗികമായും തകർന്നിരുന്നു. കണ്ണാന്തുറ സ്വദേശി ലിബിന്റെ വീടാണ് ഇന്നലെ ഉച്ചയോടെ തകർന്നത്. ഈ ഭാഗത്ത് മൂന്ന് ദിവസത്തിനിടെ 50ഓളം വീടുകൾ തകർന്നു. വെട്ടുകാട്, വലിയതുറ ഭാഗത്തും നിരവധി വീടുകൾ തകർന്നിട്ടുണ്ട്.

വീടുകളും തീരവും വ്യാപകമായി തകർന്നിട്ടും അടിയന്തര നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും രംഗത്തെത്തിയത്.

രണ്ട് ദിവസം മുൻപും പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്ന് അന്ന് ജനങ്ങൾ പിരിഞ്ഞ് പോവുകയായിരുന്നു.

എന്നാൽ, ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ റോഡ് ഉപരോധിച്ചത്.തുടർന്ന്, ജലസേചന വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ക്ലേ ഫാക്ടറിയിൽ നിന്ന് മൂന്ന് ലോഡ് കളിമണ്ണെത്തിച്ച് ചാക്കുകളിലാക്കി നിരത്തി താത്കാലിക പരിഹാരമുണ്ടാക്കി. ബാക്കിയുള്ള ഭാഗങ്ങളിൽ കല്ല് പാകുന്നതിനും കളിമണ്ണ് ചാക്കുകൾ നിരത്തുന്നതിനും അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ ഉപരോധം അവസാനിപ്പിച്ചു.

നാട്ടുകാർ പറയുന്നു

വലിയതുറ മുതൽ വേളി വരെയുള്ള ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുകയോ കല്ലുകൾ പാകി സുരക്ഷയൊരുക്കുകയോ ചെയ്തിട്ടില്ല. അതിനാൽ വ്യാപകമായാണ് തീരം കടലെടുക്കുന്നതെന്നും മഴക്കാലത്തിന് മുൻപേ നടപടികളെടുക്കാതെ അധികൃതർ അലംഭാവം കാട്ടുകയായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു.

അധികൃതർ പറയുന്നു

വലിയതുറ, ശംഖുംമുഖം മുതൽ വേളി വരെയുള്ള പ്രദേശത്താണ് കടലാക്രമണമുണ്ടായത്.ഇത്രയും ഭാഗത്ത് ചാക്ക് നിരത്തുന്നതും കല്ല് പാകുന്നതും ക്ലേശകരമാണെന്ന് ജലസേചന വകുപ്പ് അധികൃതർ പറയുന്നു.ആവശ്യമായ കല്ലും കളിമണ്ണും ലഭിക്കുന്നില്ല.തീരത്ത് ജെ.സി.ബിയിറക്കുന്നതിനും പരിമിതിയുണ്ട്. എന്നിരുന്നാലും എത്രയും വേഗം സുരക്ഷയൊരുക്കാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.