ഓടിക്കൊണ്ടിരിരുന്ന കാറിന് തീപിടിച്ചു
തുറവൂർ: നിർദ്ദിഷ്ട തുറവൂർ - പമ്പ റോഡിൽ കാടാതുരുത്ത് ക്ഷേത്രം കാണിയ്ക്ക വഞ്ചിയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കാറിന്റെ എൻജിൻ ഭാഗം പൂർണമായി കത്തി നശിച്ചു. തുറവൂർ ചള്ളിയിൽ അനന്തു അശോകന്റെ കാറിനാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തീപിടിച്ചത്.
അനന്തു കുടുംബത്തോടൊപ്പം കാറിൽ തളിയാപറമ്പിലെ മരണവീട്ടിൽ പോയശേഷം തിരികെ വരുമ്പോൾ എന്തോ കത്തിക്കരിയുന്ന മണം കാറിനുള്ളിൽ പടർന്നു. തുടർന്ന് ബോണറ്റിനുള്ളിൽ നിന്ന് പുകയുയരുന്നതു കണ്ടപ്പോൾ കാർ നിർത്തി. അച്ഛൻ അശോകനെയും അമ്മ പുഷ്പലതയെയും കാറിൽ നിന്ന് പുറത്തിറക്കി. ഏതാനും നിമിഷങ്ങൾക്കകം മുൻഭാഗത്തു നിന്ന് തീ ആളിപ്പടർന്നു. ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ പൂർണമായും അണച്ചത്. കാറിനുള്ളിലേക്ക് തീ പടർന്നില്ല.ഷോർട്ട് സർക്യൂട്ടാകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 9 മാസം മുൻപ് വാങ്ങിയ കാറാണിത്. കമ്പനി ഷോറൂമിൽ നിന്ന് ആളെത്തി കാർ കൊണ്ടുപോയി