കിഴുവിലത്ത് തെരുവുനായ ആക്രമണം നായയ്ക്ക് പേവിഷബാധയെന്ന് സംശയം
Wednesday 18 June 2025 2:29 AM IST
മുടപുരം: കിഴുവിലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം കാട്ടുമുറാക്കൽ ഭാഗത്ത്നിന്ന് വന്ന തെരുവ്നായ മില്ലുമുക്ക്,വണ്ടിത്തടം,മുടപുരം പ്രദേശങ്ങളിലായി വിദ്യാർത്ഥിയേയും ബൈക്ക് യാത്രക്കാരനെയും ഉൾപ്പെടെ നിരവധിപേരെ ആക്രമിച്ചെന്ന് നാട്ടുകാർ പറഞ്ഞു. നായയ്ക്ക് പേവിഷബാധയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പഞ്ചായത്തിൽനിന്നും നായ്‌പിടുത്തക്കാർ എത്തിയെങ്കിലും രാത്രിയായതിനാൽ നായയെ പിടികൂടാൻ കഴിഞ്ഞില്ല. പ്രശ്നം ചർച്ചചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ പ്രതേക യോഗം വിളിച്ചുചേർത്തു. ജനങ്ങളുടെ ഭയം മാറ്റുന്നതിനായി വളർത്തു നായ്ക്കൾക്ക് വാക്സിൻ നൽകുന്നതിനും ജങ്ങളെ ബോധവത്കരിക്കുന്നതിന് മൈക്ക് പ്രചാരണം നടത്തുന്നതിനും തീരുമാനമായി.