പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ പോലെ

Wednesday 18 June 2025 1:59 AM IST

തിരുവനന്തപുരം: അടുത്ത ഭരണം മുൻനിറുത്തിയുള്ള പോരിന്റെ ചൂടാണ് നിലമ്പൂരിൽ അനുഭവപ്പെട്ടത്. മൂന്നാമൂഴത്തിനുള്ള അംഗീകാരമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചുവരവിന് യു.ഡി.എഫിന് ആത്മവിശ്വാസമേകുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരുവരും നേരിട്ടാണ് പ്രചാരണം നയിച്ചത്. യു.ഡി.എഫിലേക്കുള്ള വഴിയടച്ച് അൻവറിനെ മത്സര രംഗത്തിറക്കിയെന്ന പഴിയും സതീശനുണ്ട്.

പി.വി.അൻവറിന്റെ പിന്തുണയോടെ അനായാസം വിജയിച്ചുകയറാമെന്ന യു.ഡി.എഫിന്റെ മോഹവും ,യു.ഡി.എഫ് വിമതനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാമെന്ന എൽ.ഡി.എഫിന്റെ മനക്കണക്കും തുടക്കത്തിലേ പാളി. കോട്ട തിരിച്ചുപിടിക്കാൻ കോൺഗ്രസും, 20 വർഷത്തിന് ശേഷം സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ സി.പി.എമ്മും തീരുമാനിച്ചതോടെ വാശിയേറി.

എൻ.ഡി.എയും പ്രചാരണത്തിൽ സജീവമായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും കെ.സി. വേണുഗോപാലിന്റെ ക്ഷേമപെൻഷൻ വിവാദവും ജമാഅത്തെ ഇസ്‌ലാമി പിന്തുണയുമെല്ലാം കളം നിറഞ്ഞതോടെ,​ നിലമ്പൂരിനെ കീഴടക്കുക അത്ര എളുപ്പമല്ലെന്ന് യു.ഡി.എഫിനും നിലനിറുത്തുക കടുപ്പമാണെന്ന് എൽ.ഡി.എഫിനും ബോദ്ധ്യമായി. ഇരുമുന്നണികളെയും വെല്ലുവിളിച്ച് മത്സരരംഗത്തിറങ്ങിയ അൻവറിന്റെ രാഷ്ട്രീയഭാവി കൂടി തീരുമാനിക്കപ്പെടും.രാജീവ് ചന്ദ്രശേഖരൻ അദ്ധ്യക്ഷനായ ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

മഴയെ നേരിടാൻ ഉച്ചയ്ക്കു മുമ്പേ ശക്തികേന്ദ്രങ്ങളിൽ നിന്ന് പരമാവധി വോട്ടർമാരെ ബൂത്തിൽ എത്തിക്കാനാണ് എൽ.ഡി.എഫിന്റെ പദ്ധതി. അനുഭാവി വോട്ടുകളിലെ ചോർച്ചയാണ് സി.പി.എം മുന്നിൽ കാണുന്നത്. അൻവർ പിടിക്കുന്ന വോട്ടുകൾ കൂടുതൽ ക്ഷതമേൽപ്പിക്കുക യു.ഡി.എഫിനാവുമെന്ന വിലയിരുത്തലിൽ ആഘാതം കുറയ്ക്കാനുള്ള തന്ത്രങ്ങൾക്കാണ് യു.ഡി.എഫ് ക്യാമ്പിലെ പ്രധാന ശ്രദ്ധ.