നിരവധി ക്രിമിനല്‍ കേസുകളും ഗുണ്ടായിസവും; തൃശൂരില്‍ രണ്ട് യുവതികള്‍ക്കെതിരെ കാപ്പ ചുമത്തി

Tuesday 17 June 2025 11:17 PM IST

തൃശൂര്‍: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് യുവതികള്‍ക്കെതിരെ കാപ്പ ചുമത്തി തൃശൂര്‍ പൊലീസ്. കരയാമുട്ടം ചിക്കവയലില്‍ സ്വാതി (28), വലപ്പാട് ഈയാനി ഹിമ( 25) എന്നിവര്‍ക്കെതിരെയാണ് 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ ശുപാര്‍ശയില്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും അടിപിടിക്കേസിലും ഇവര്‍ പ്രതികളാണ്.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 2007ല്‍ നിലവില്‍ വന്നതാണ് കേരള ആന്റി സോഷ്യല്‍ അക്ടിവീറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന കാപ്പ. ഏഴു വര്‍ഷത്തിനിടയില്‍ കുറഞ്ഞത് മൂന്നു ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും അവസാന കേസില്‍ പ്രതിയായി 6 മാസം കഴിയാത്തവരെയുമാണ് കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്യുന്നത്.

ഒരു കൊല്ലംവരെ കാപ്പ ബോര്‍ഡിന് പ്രതിയെ കരുതല്‍ തടങ്കലില്‍ വയ്ക്കാം. റേഞ്ച് ഡിഐജിക്കോ ഐജിക്കോ പ്രതിയെ ഒരു വര്‍ഷംവരെ നാടുകടത്തുകയുമാവാം.