5 ലക്ഷം ലിറ്റർ ടോയ്ലറ്റ് മാലിന്യം സംസ്‌കരിച്ചു
Wednesday 18 June 2025 8:27 AM IST
ചേർത്തല: ചേർത്തല നഗരസഭാ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഇതുവരെ 5 ലക്ഷം ലിറ്റർ മാലിന്യം സംസ്‌കരിച്ചതായി മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അറിയിച്ചു. 2025 മാർച്ചിൽ ഉദ്ഘാടനം ചെയ്ത പ്ലാന്റ് പരീക്ഷണ പ്രവർത്തനങ്ങൾക്ക് ശേഷം മേയ് 6 മുതലാണ് പൂർണ്ണ തോതിൽ പ്രവർത്തനം തുടങ്ങിയത്. ഇതുവരെ 90 ടാങ്കറുകളിലായി 5,33,000 ലിറ്റർ ശുചിമുറി മാലിന്യമാണ് ഈ പ്ലാന്റിൽ സംസ്‌കരിച്ചത്. ജലത്തിന്റെ മാലിന്യത്തിൽ ഏറ്റവും പ്രധാനമായ ബി.ഒ.ഡി അളവിനെ ശുദ്ധീകരിച്ച് 13 എന്ന നിലയിലേക്ക് കൊണ്ടുവരുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്ലാന്റ് നടത്തിപ്പിന് നേതൃത്വം നൽകുന്ന അയോണെക്സ് കമ്പനിയുടെ പ്രതിനിധി രംഗനാഥൻ കൃഷ്ണൻ പറഞ്ഞു. ചേർത്തല നഗരസഭയുടെ 7356812811എന്ന നമ്പരിലോ chelothacherthala.in എന്ന വെബ് സൈറ്റ് വഴിയോ സെപ്റ്റിക് ടാങ്ക് ക്ലീനിംഗിനായി പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.